24 മണിക്കൂറുകള്‍ക്കുള്ളില്‍ 386 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് കൊവിഡ് രോഗബാധിതരായി ഇതുവരെ 8884 പേരാണ് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടകണക്കുകള്‍ വ്യക്താമാക്കുന്നു.
ദില്ലി: രാജ്യത്ത് വലിയ ആശങ്കയുണര്‍ത്തി കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 11,458 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കൊവിഡ് കേസുകള്‍ രാജ്യത്തുണ്ടാകുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 386 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് കൊവിഡ് രോഗബാധിതരായി ഇതുവരെ 8884 പേരാണ് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്ത്വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
109 ദിവസത്തിലാണ് ആദ്യ ഒരു ലക്ഷം കടന്നതെങ്കില്‍ പിന്നീട് വളരെ വേഗത്തിലാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതര്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാകാനെടുത്തത് 15 ദിവസവും രണ്ടിൽ നിന്ന് മൂന്ന് ലക്ഷമാകാനെടുത്തത് 10 ദിവസമാണെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ റഷ്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുകളിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ജൂണ്‍ 16,17 തിയതികളിലായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. രണ്ടുദിവസത്തെ യോഗം സ്ഥിതി വിലയിരുത്തും. അതേസമയം ധാർഷ്ട്യവും കഴിവില്ലായ്മയും കാരണമുള്ള വലിയ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ദില്ലിയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 2137 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36824 ആയി. 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1214 ആയി. 13398 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗബാധ കുത്തനെ ഉയരുന്നെങ്കിലും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെ സ്ഥിതി ഭയാനകമെന്ന് വിമര്‍ശിച്ച സുപ്രീം കോടതി മൃഗങ്ങളേക്കാൾ മോശമായാണ് കൊവിഡ് രോഗികളോട് പെരുമാറുന്നതെന്ന് വിമര്‍ശിച്ചു. കിടക്കകള്‍ ഒഴിവുണ്ടായിട്ടും എന്തുകൊണ്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ചോദിച്ച കോടതി പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും നിർദ്ദേശിച്ചിരുന്നു.