ഇന്ത്യ-ചൈന അതിർത്തി തർക്കം: അജിത് ഡോവലും ബിപിൻ റാവത്തുമായി മോദി ചർച്ച നടത്തി

By Web Team  |  First Published May 26, 2020, 8:35 PM IST

സിക്കിമിലെയും ലഡാക്കിലെയും അതിർത്തികളിലെ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്


ദില്ലി: കൊവിഡിനിടെ ചൈനയുമായുള്ള അതിർത്തി തർക്കം കൂടുതൽ അസ്വസ്ഥമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

സിക്കിമിലെയും ലഡാക്കിലെയും അതിർത്തികളിലെ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്. പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി നടത്തിയ ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. അതിർത്തിയിലെ സാഹചര്യം കരസേന മേധാവി ജനറൽ എംഎം നരവനെ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു.

Latest Videos

മെയ് അഞ്ചിന് ആദ്യ തർക്കം ഉണ്ടായ ശേഷം ചൈനയുടെയും ഇന്ത്യയുടെയും കരസേനാ വിഭാഗങ്ങൾ തമ്മിൽ ആറ് വട്ടം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇന്ത്യൻ അതിർത്തിക്കകത്ത് പോലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യ നടത്തരുതെന്ന നിലപാടിലാണ് ചൈന. ചൈനീസ് നിലപാട് സ്വീകാര്യമല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ നേരത്തെയുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!