'ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവ്വീസ് ഉടനില്ല': എസ് ജയശങ്കർ

By Web Team  |  First Published Oct 22, 2023, 5:36 PM IST

നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ  ഇടപെട്ടതാണെന്നും ജയശങ്കർ 


ദില്ലി : കാനഡയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പ്രതിദിനം വഷളായിക്കൊണ്ടിരിക്കെ, നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് തൽക്കാലം തുടങ്ങാനാകില്ല. സർവ്വീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ  ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു. 

ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നല്കിയിരുന്നു. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്നലെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. ഈ സമ്മർദ്ദം കാര്യമാക്കുന്നില്ല എന്ന സന്ദേശമാണ് ഇന്ന് എസ് ജയശങ്കർ നൽകിയത്. 

Latest Videos

നയതന്ത്ര തർക്കം: 'വിയന്ന കൺവൻഷൻ ചട്ടങ്ങൾ ഇന്ത്യ പാലിക്കണം'; കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

ഉദ്യോഗസ്ഥരെ കുറച്ചത് രാജ്യത്തെ കാര്യങ്ങളിൽ ഇടപെട്ടത് കൊണ്ടെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കുകയാണ്. കർഷകസമരം ഉൾപ്പടെയുള്ള വിഷയങ്ങളാണ് വിദേശകാര്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാ തെളിവുകളും വൈകാതെ പുറത്തുവിടുമെന്ന സന്ദേശവും ജയശങ്കർ നൽകുന്നു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് നിറുത്തി വച്ചത് താല്ക്കാലികമായാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പായാലേ ഇത് പുനസ്ഥാപിക്കൂ എന്നും ജയശങ്കർ അറിയിച്ചു. ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ വിഷയങ്ങളിൽ തല്ക്കാലം ഒത്തുതീർപ്പ് സാധ്യമല്ല എന്നാണ് വിദേശകാര്യമന്ത്രിയുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കുന്നത്.  
 

 

 

 

click me!