മേഖലയിൽ യുദ്ധസാഹചര്യം വഷളായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറാണെന്ന് വ്യോമസേന മേധാവി
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലാകെ സംഘർഷം പടരുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾ ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ തത്കാലം വിമാനങ്ങൾ അയക്കാൻ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ യുദ്ധസാഹചര്യം വഷളായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറാണെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ.പി സിങ് വ്യക്തമാക്കി. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമ തീരുമാനം അനുസരിച്ച് നടപടികൾ കൈകൊള്ളുമെന്നും എയർ മാർഷൽ എ.പി സിങ് പറഞ്ഞു. മിസൈൽ ആക്രമണം അടക്കം തടയാനുള്ള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും ഇതിന്റെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.
അതിനിടെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം 15,16 തീയതികളിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പാക്കിസ്ഥാനിലേക്ക് പോകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിൽ സന്ദർശനം തുടരുന്ന വിദേശകാര്യ മന്ത്രി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിനി അമരസൂര്യയുമായി ചർച്ച നടത്തി. ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രി കൊളൊംബോയിലെത്തിയത്.