സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം; 'ഹർ ഘർ തിരംഗ'ക്ക് ഇന്ന് തുടക്കം, 20 കോടി വീടുകളിൽ ദേശീയ പതാക പാറും

By Web Team  |  First Published Aug 13, 2022, 7:17 AM IST

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും.


ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടി ഇന്ന് മുതൽ തുടങ്ങും. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.

എന്താണ് 'ഹർ ഘർ തിരംഗ'? അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?

Latest Videos

ഇന്ന് മുതൽ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനോടകം ഒരു കോടിയിലധികം പേർ അവരുടെ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ്ചെയ്ത് കഴിഞ്ഞു. 

Also Read: അളവ് തെറ്റിച്ച് ദേശീയ പതാക, ഇടുക്കിയിൽ വിവാദം; ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി

പതാക ഉയര്‍ത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? 

  • കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക 3 ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
  • പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
  • കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
  • പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല. ∙
  • തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
  • പതാക വിതരണം ചെയ്യാൻ കമ്പനികൾ സിഎസ്ആർ ഫണ്ടും ഉപയോഗിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
  • സ്വയം സഹായ സംഘങ്ങൾ വഴി ലക്ഷക്കണക്കിന് പതാകകളുടെ വിതരണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.

click me!