റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി അധികൃതർ അറിയിച്ചു. സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയ്‌ക്ക് പുറമെ മൂന്ന് കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി മുൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡ് ആദായനികുതി ഉദ്യോഗസ്ഥർ മൂന്ന് മുതലകളെയും കണ്ടെത്തി. സ്വർണം, പണം, ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെയാണ് കുളത്തിൽ നിന്ന് മൂന്ന് മുതലകളെയും കണ്ടെത്തിയത്. മുൻ ബിജെപി എംഎൽഎ ഹർവൻഷ് സിംഗ് റാത്തോഡിൻ്റെ വീട്ടിലാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റാത്തോഡിൻ്റെയും മുൻ കൗൺസിലർ രാജേഷ് കേശർവാണിയുടെയും സാഗറിലെ വീടുകളിൽ ആദായനികുതി വകുപ്പ് ഞായറാഴ്ച മുതൽ റെയ്ഡ് നടത്തിവരികയാണ്.
റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി അധികൃതർ അറിയിച്ചു. സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയ്‌ക്ക് പുറമെ മൂന്ന് കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. റാത്തോഡിനൊപ്പം ബീഡി കച്ചവടം നടത്തിയിരുന്ന കേശർവാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. തിരച്ചിലിനിടെ വീട്ടിലെ ചെറിയ കുളത്തിൽ മൂന്നോളം മുതലകളെ കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. കേശർവാണിയുടെ വീട്ടിൽ നിന്ന്, ബിനാമി പേരിൽ ഇറക്കുമതി ചെയ്ത നിരവധി കാറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി.
ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിൽ നിന്ന് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ട്. സാഗർ ജില്ലയിലെ വ്യവസായിയും മുതിർന്ന ബിജെപി നേതാവുമായ റാത്തോഡ്, 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിൻ്റെ പിതാവ് ഹർനാം സിംഗ് റാത്തോഡ് മന്ത്രിയായിരുന്നു.