'കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം'; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

By Web Team  |  First Published Jun 7, 2024, 6:36 AM IST

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.


ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.

വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.

Latest Videos

പഞ്ചാബിലെ കർഷകർക്ക് എതിരായ പരാമർശത്തിൽ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലർക്കും എതിരെ മോശം ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്പ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയെതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാൾ പറഞ്ഞു.

ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്‍റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ദില്ലി സി ഐ എസ് എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു

വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇന്നലെ ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സി ഐ എസ് എഫ് വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യൽ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതി നൽകുകയും ചെയ്തു. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കങ്കണ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകുമെന്നാണ് റിപ്പോർട്ട്.

സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടിലുറച്ച് ടിഡ‍ിപി; എന്‍ഡിഎ എംപിമാരുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയിൽ

 

click me!