തിരുനെൽവേലിയിലെ 4 ​ഗ്രാമങ്ങളിൽ കേരളം തള്ളിയ മാലിന്യം നീക്കിത്തുടങ്ങി; തിരിച്ചെത്തിച്ച് സംസ്കരിക്കും

By Web Team  |  First Published Dec 22, 2024, 12:39 PM IST

ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്.


ചെന്നൈ: തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതിൽ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ്  ചെയ്തു.

തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരം. തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്.

Latest Videos

undefined

16 ലോറികളിലായാണ് മാലിന്യം ശേഖരിക്കുന്നത്. എല്ലാം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരും. ഇവ ക്ലീൻ കേരള കമ്പനി തരം തിരിക്കും. കമ്പനിക്ക് കീഴിലെ വിവിധ ബയോസംസ്ക്കരണ യൂണിറ്റിൽ സംസ്ക്കരിക്കും. പുനരുപയോഗിക്കാൻ കഴിയുന്നവ അങ്ങനെ ചെയ്യും. ആർഎസിസിയിൽ നിന്നും ക്രെഡൻസ് അടക്കമുള്ള ആശുപത്രികളിൽ നിന്നുമുള്ള മാലിന്യമാണ് തിരുനെൽവേലിയിൽ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുളള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രികളിൽ നിന്ന് മെഡിക്കൽ മാലിന്യം നീക്കം ചെയ്യാൻ കരാർ നേടിയ കമ്പനികൾക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സർക്കാറിന്റെ വിലയിരുത്തൽ. ഇവർക്കെതിരെ നടപടി എടുക്കും. മാലിന്യസംസ്ക്കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികൾ എങ്ങനെ കരാർ നേടി എന്ന ചോദ്യമാണ് ഉയരുന്നത്.

click me!