നാല് ലക്ഷം കടന്ന ഭൂരിപക്ഷം; രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ റെക്കോര്‍ഡ് ആര് തകര്‍ക്കാന്‍!

By Web TeamFirst Published Jan 9, 2024, 10:46 AM IST
Highlights

ഈ ഹിമാലയന്‍ റെക്കോര്‍ഡ് ആര് തകര്‍ക്കാന്‍? അതിനും രാഹുല്‍ ഗാന്ധി തന്നെ വരേണ്ടിവരുമോ; 2019ലേത് വല്ലാത്തൊരു റെക്കോര്‍ഡ്! 

കല്‍പറ്റ: അമേഠിയില്‍ നിന്ന് വന്നൊരു വയനാടന്‍ കാറ്റ് കേരളത്തില്‍ കൊടുങ്കാറ്റായി വീശുന്നതായിരുന്നു 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്ടത്. രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേരളത്തിന്‍റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പേരിലാക്കിയിരുന്ന ഇ. അഹമ്മദിനെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അലയടിച്ച രാഹുല്‍ തരംഗം രണ്ട് ഇരട്ടിയിലധികം വോട്ടുകളുടെ ലീഡാണ് റെക്കോര്‍ഡ് ബുക്കില്‍ അടയാളപ്പെടുത്തിയത്. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വരവില്‍ 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് സഖ്യം തൂത്തുവാരുന്നതിനും കേരളം സാക്ഷ്യംവഹിച്ചു. 

Latest Videos

ചിത്രം- രാഹുല്‍ ഗാന്ധി 2019ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍

2014ല്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ ജനസമ്മതനായ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. എന്നാല്‍ ഈ കണക്കിന്‍റെ തൂക്കക്കട്ടി 2019ല്‍ വയനാട്ടിലേക്കുള്ള വരവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മായ്‌ച്ചെഴുതി. 2019ല്‍ ആകെ 10,89,999 വോട്ടുകളാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വയനാട്ടിലേക്ക് ചുരം കയറിയ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇതില്‍ 706,367 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഭൂരിപക്ഷം 4,31,770 എന്ന മാന്ത്രിക സംഖ്യ തൊട്ടു. ഇ. അഹമ്മദ് 2014ല്‍ മലപ്പുറത്ത് നേടിയതിനേക്കാള്‍ 237,031 വോട്ടുകളുടെ ലീഡ് രാഹുല്‍ ഗാന്ധി പോക്കറ്റിലാക്കി. രാഹുല്‍ ഗാന്ധി തരംഗത്തിന് മുന്നില്‍ പിടിവള്ളിപോലും കിട്ടാതെപോയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പി.പി സുനീറിന് 274,597 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളി 78,816 വോട്ടുകളിലൊതുങ്ങിക്കൂടി. 

വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കൂടിച്ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. രാഹുല്‍ ഗാന്ധിയുടെ വരവോടെ 2019ല്‍ രാജ്യത്തെ ഏറ്റവും സുപ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി വയനാടും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ച്ചയായി എം ഐ ഷാനവാസ് വിജയിച്ച്, കോണ്‍ഗ്രസ് കോട്ട എന്ന് വിശേഷണമുള്ള വയനാട്ടിലെ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധിയായിരുന്നു ട്രെന്‍ഡ്. 1.07 ശതമാനം വോട്ട്​ എണ്ണിയപ്പോൾ 5510 വോട്ടിന്​ മുന്നിലെത്തിയ രാഹുല്‍ ഗാന്ധി 47 ശതമാനം വോട്ടെണ്ണിയതോടെ തന്‍റെ ഐതിഹാസിക ലീഡ് രണ്ട് ലക്ഷം കടത്തി. പിന്നെയെണ്ണിയ ഓരോ വോട്ടും റെക്കോര്‍ഡുകളുടെ ഉയരത്തിലേക്ക് രാഹുല്‍ ഗാന്ധിയെ ചുരംകയറ്റുന്ന കാഴ്‌ചയാണ് കണ്ടത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വന്‍ജയം നേടി.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പ്രചാരണത്തിന്‍റെ മറ്റൊരു ചിത്രം

വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കാനിരിക്കേ 2024ല്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വയനാട് തുടരുകയാണ്. പ്രതിപക്ഷത്തിന്‍റെ 'ഇന്ത്യാ' മുന്നണിയുടെ മുഖങ്ങളില്‍ ഒരാളായ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തും എന്നാണ് പ്രതീക്ഷ. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായതിനാല്‍ എതിരാളിയായി ആര് വന്നാലും രാഹുലിസം വീണ്ടും വയനാട്ടില്‍ വിജയം കൊയ്യുമെന്നുറപ്പിക്കാം. എന്നാല്‍ 2019ല്‍ കുറിച്ച 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ഇത്തവണ വയനാട്ടില്‍ മറികടക്കാനാകുമോ എന്ന ആകാംക്ഷയുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മത്സരം കാഴ്ചവെക്കാനാണ് എല്‍ഡിഎഫും എന്‍ഡിഎയും ഇക്കുറി ശ്രമിക്കുന്നത്. ഇത്തവണ രാഹുല്‍ തന്‍റെ പഴയ റെക്കോര്‍ഡ് തകര്‍ത്താലും ഇല്ലെങ്കിലും 4,31,770 വോട്ടുകളുടെ 2019ലെ ഭൂരിപക്ഷം കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വയനാടന്‍ ഗിരികള്‍ പോലെ ഏറെക്കാലം തലയുയര്‍ത്തി നില്‍ക്കുമെന്ന് അനുമാനിക്കാം.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!