ചിലപ്പോൾ മുഖ്യമന്ത്രിയുടെ പിഎ, ചിലപ്പോൾ ചീഫ് സെലക്ടർ; 6 വർഷത്തിനിടെ യുവാവ് പിരിച്ചത് 3 കോടി, പിടിയിൽ

By Web Desk  |  First Published Dec 27, 2024, 2:18 PM IST

ക്രിക്കറ്റ് താരം റിക്കി ഭുയിയെ സ്‌പോൺസർ ചെയ്യാൻ പണം ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ പണം തട്ടിയത്.


വിജയവാഡ: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പിഎ ചമഞ്ഞും ക്രിക്കറ്റ് ചീഫ് സെലക്ടറെന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ക്രിക്കറ്റ് താരത്തിന് സ്പോണ്‍സർഷിപ്പിന് എന്ന പേരിലാണ് ഏറ്റവും ഒടുവിൽ പണം തട്ടാൻ ശ്രമിച്ചത്. വിജയവാഡ സ്വദേശി ബുഡമുരു നാഗരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി ശ്രീനിവാസ റാവുവായി ആൾമാറാട്ടം നടത്തിയാണ് നാഗരാജു ഒടുവിൽ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. നായിഡുവിനൊപ്പമുള്ള ശ്രീനിവാസ റാവുവിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യക്തികൾക്കും കമ്പനികൾക്കും വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചു. ക്രിക്കറ്റ് താരം റിക്കി ഭുയിയെ സ്‌പോൺസർ ചെയ്യാൻ പണം ആവശ്യപ്പെട്ടു. നാഗരാജു മുമ്പും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂലൈയിൽ അറസ്റ്റിലായിട്ടും ജാമ്യത്തിലിറങ്ങി കബളിപ്പിക്കുന്നത് തുടരുകയായിരുന്നു. ശ്രീനിവാസ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുതിയ കേസെടുത്തത്. 

Latest Videos

undefined

2019 മെയ് മാസത്തിൽ, അന്നത്തെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദായി ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ചതിന് വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രൂകോളറിൽ എംഎസ്‌കെ പ്രസാദ് എന്ന പേരിൽ നമ്പർ സേവ് ചെയ്ത്, പ്രസാദിനെ നിരീക്ഷിച്ച് അദ്ദേഹത്തെ പോലെ സംസാരിച്ചായിരുന്നു ഫോണിലൂടെയുള്ള തട്ടിപ്പ്. വിശാഖപട്ടണത്ത് ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രസാദെന്ന വ്യാജേന ഫോണിൽ വിളിച്ച് വ്യവസായികളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചത്. വിശാഖപട്ടണത്ത് ധോണിയുടെ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്ന് പറഞ്ഞും നാഗരാജു പണം തട്ടിയെന്ന് വിജയവാഡ എസിപി (സെൻട്രൽ) അങ്കിനീടു പ്രസാദ് പറഞ്ഞു.

താൻ എംബിഎ ബിരുദധാരിയും മുൻ രഞ്ജി ട്രോഫി കളിക്കാരനുമാണെന്നാണ് നാഗരാജു അവകാശപ്പെടുന്നത്. എന്നാൽ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ഇത് നിഷേധിച്ചു. കഴിഞ്ഞ വർഷം മുൻ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത സഹായിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതിന് മുംബൈ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021ൽ മന്ത്രി കെ ടി രാമറാവുവിന്‍റെ പേഴ്‌സണൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി ഒമ്പത് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. 2018 മുതൽ ആന്ധ്രയിലെയും തെലങ്കാനയിലെയും 60 കോർപ്പറേറ്റ് സ്ഥാപനങ്ങളെ കബളിപ്പിച്ച് നാഗരാജു മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ആന്ധ്രയിലെ ഒരു രാഷ്ട്രീയ നേതാവ് തന്‍റെ 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇതോടെ തന്‍റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്നും നാഗരാജു പൊലീസിനോട് പറഞ്ഞു. ഇതോടെ പ്രതികാരമെന്ന നിലയിലാണ് താനും തട്ടിപ്പ് തുടങ്ങിയതെന്നാണ് നാഗരാജുവിന്‍റെ മൊഴി.

2-ാം വിവാഹം തേടുന്ന 'പണച്ചാക്കുകൾ' ലക്ഷ്യം, കുറച്ച് നാൾ ഒന്നിച്ച് താമസിക്കും; പണവുമായി മുങ്ങുന്ന യുവതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!