ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ

By Web Team  |  First Published May 22, 2021, 5:19 PM IST

'ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ് രാംദേവിന്റെ പരാമര്‍ശം. പ്രാക്ടീസിങ് നടത്തിയിട്ടുള്ള ആധുനിക ചികിത്സയില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള ആരോഗ്യമന്ത്രി തന്നെ ബാബാ രാംദേവിന്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടുവരണം'.
 


ദില്ലി: യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ആധുനിക വൈദ്യരംഗത്തെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശമാണ് ഐഎംഎയുടെ വിമര്‍ശനത്തിന് കാരണം. പകര്‍ച്ച വ്യാധി തടയുന്ന നിയമപ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. നിരന്തരമായി സാഹചര്യം മുതലെടുത്ത് പൊതുജനത്തെ ഭീതിയിലാക്കുകയും ന്റെ നിയമവിരുദ്ധ മരുന്നുകള്‍ വിറ്റഴിക്കുകയുമാണ് രാംദേവ് ചെയ്യുന്നതെന്നും ഐഎംഎ പറഞ്ഞു. 

ഇത്തരം ആളുകള്‍ നടത്തുന്ന മോശമായ പരാമര്‍ശങ്ങള്‍ക്കെതിരെ അധികാരത്തിലിരിക്കുന്നവര്‍ നടപടി സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ് രാംദേവിന്റെ പരാമര്‍ശം. പ്രാക്ടീസിങ് നടത്തിയിട്ടുള്ള ആധുനിക ചികിത്സയില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള ആരോഗ്യമന്ത്രി തന്നെ ബാബാ രാംദേവിന്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടുവരണം. സമൂഹത്തിലേക്ക് വിഷമയമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം- ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. ആധുനിക ചികിത്സ രീതി വിഡ്ഢിത്തമാണെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നും ബാബാ രാംദേവ് പറയുന്ന വീഡിയോ ആണ് പ്രചരിച്ചത്. 

Latest Videos

രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ബാബാ രാംദേവിന്റെ പരാമര്‍ശമുണ്ടായത്. കൊവിഡിനെതിരെ ബാബാ രാംദേവിന്റെ കമ്പനി പുറത്തിറക്കിയ മരുന്നും വിവാദത്തിലായിരുന്നു.
 

click me!