4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. പരിശോധന നിരക്ക് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
ദില്ലി: കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് എടുത്തുകളഞ്ഞ് കേന്ദ്രം. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിരക്ക് തീരുമാനിക്കാം. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പടുത്തി പരിശോധന മാനദണ്ഡം മാറ്റാനും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.
4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും നിരക്ക് ഐസിഎംആര്‍ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീകോടതിയിലടക്കം ഹര്‍ജിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിരക്ക് പിന്‍വലിക്കാനുള്ള തീരുമാനം. സ്വകാര്യ ലാബുകളിലെ പരിശോധനയിൽ 17 ശതമാനം സാമ്പിൾ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ സ്വാകര്യലാബുകളില്‍ കൂടി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
നേരത്തെ ആരോഗ്യ പ്രവര്‍ത്തകർക്കും, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായിരുന്നു മുന്‍ഗണനയെങ്കില്‍ ഇപ്പോള്‍ പൊലീസുകാര്‍, സെക്യൂരിറ്റി ജീവനക്കര്‍, വഴിയോര കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍, വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ എന്നിവരെ ലക്ഷണം കാണിക്കുന്ന മുറക്ക് ആദ്യം പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുതല്‍ മനസിലാക്കുന്നതിനുവേണ്ടിയാണ് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കൂടുതല്‍ വിഭാഗങ്ങളെ പരിശോധിക്കാനുള്ള തീരുമാനം.