പൂജ ഖേദ്‌കര്‍ക്ക് കനത്ത തിരിച്ചടി: മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിര്‍ത്താൻ ഉത്തരവ്; അക്കാദമിയിലേക്ക് മടങ്ങണം

By Web Team  |  First Published Jul 16, 2024, 6:21 PM IST

വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവ‍ര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം


ദില്ലി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. ഉടനെ അക്കാദമിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുൻപ് പൂജ അക്കാദമിയിൽ ഹാജരാകണം. നിലവിൽ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറാണ് ഇവര്‍.

വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവ‍ര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം. ഇവരുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കും. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് പ്രധാന അന്വേഷണം.

Latest Videos

എന്നാൽ പൂജാ ഖേദ്‌കറിന് വിഷാദ രോഗവും ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി അഹമ്മദ്നഗർ ജില്ലാ ആശുപത്രി റിപ്പോര്‍ട്ട് നൽകിയതായാണ് വിവരം. ദീർഘദൂര കാഴ്ചയെ ബാധിക്കുന്ന മയോപിക് ഡീജെനറേഷൻ എന്ന തകരാര്‍ ഇവരുടെ ഇരു കണ്ണുകൾക്കുമുണ്ട്. ആശുപത്രിയിലെ സർജൻ ഡോ.സഞ്ജയ് ഗോഖരെയാണ് വിശദമാക്കിയിട്ടുള്ളത്. 51% വൈകല്യമാണ് ഉദ്യോഗസ്ഥയ്ക്കുള്ളത്. ജില്ലാ കളക്ടർ എസ്.സലിമാത്തിനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 

സിവിൽ സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്നാണ് പ്രധാന ആരോപണം. സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ നേരത്തെ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!