'എനിക്കും മകളുണ്ട്'; കൊൽക്കത്തയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് തൃണമൂൽ എംപി

By Web Team  |  First Published Aug 14, 2024, 3:25 PM IST

വ്യക്തിഹത്യ കൊണ്ട് പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും ഇന്ന് കൊൽക്കത്തയിലെ ജോധ്പൂർ പാർക്കിലെ നേതാജി പ്രതിമയ്ക്ക് മുന്നിൽ വൈകുന്നേരം 5 മുതൽ രാത്രി 8 വരെ താൻ ധർണ നടത്തുമെന്നും എംപി വ്യക്തമാക്കി

I Have A Daughter Trinamool MP Sukhendu Sekhar Ray To Join Protest Over Doctor's Rape Murder

കൊൽക്കത്ത:  മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖർ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകൾക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് രാത്രി നടക്കുന്ന പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്നാണ് തൃണമൂൽ രാജ്യസഭ എംപി വ്യക്തമാക്കിയത്. "ഞാൻ പ്രതിഷേധക്കാർക്കൊപ്പം ചേരും. ദശലക്ഷക്കണക്കിന് ബംഗാളി കുടുംബങ്ങളിലെപ്പോലെ എനിക്കും ഒരു മകളും കൊച്ചുമകളും ഉണ്ട്. നമ്മൾ അവസരത്തിനൊത്ത് ഉയരണം. സ്ത്രീകൾക്കെതിരായ ക്രൂരത മതി. നമുക്ക് ഒരുമിച്ച് ചെറുക്കാം- എന്നാണ് തൃണമൂൽ എംപി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.  സ്വന്തം സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കുമെന്ന കമന്‍റിനും എംപി മറുപടി നൽകി. തന്‍റെ ഭാവിയെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ലെന്നും സ്വാതന്ത്ര്യ സമര സേനാനിയുടെ രക്തമാണ് തന്‍റെ സിരകളിൽ ഒഴുകുന്നതെന്നും എംപി മറുപടി നൽകി. 75 കാരനായ സുഖേന്ദു ശേഖർ റേ 2011 മുതൽ എംപിയാണ്.

Latest Videos

ഭൂരിപക്ഷം പേരും തന്‍റെ നിലപാടിനെ പിന്തുണച്ചതായി എംപി പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തന്‍റെ നീക്കത്തെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിച്ചത് സുഖേന്ദു ശേഖർ ചോദ്യംചെയ്തു. പ്രതിഷേധക്കാരുടെ കൂടെ ചേർന്ന് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. 

"ആദ്യം അപർണ സെൻ, ഇപ്പോൾ സുഖേന്ദു. മമത ബാനർജിയുടെ പഴയ തന്ത്രമാണിത്. പ്രതിഷേധക്കാരെ കൂട്ടുപിടിച്ച് പ്രതിഷേധം ഒത്തുതീർപ്പാക്കാനുള്ള നീക്കം. ഡോക്ടർക്ക് നീതി തേടുന്നവർ ഒരു തൃണമൂൽ നേതാവിനെ പോലും അടുപ്പിക്കരുത്" എന്നാണ് അമിത് മാളവ്യ പറഞ്ഞത്. 

വ്യക്തിഹത്യ കൊണ്ട് തന്നെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും ഇന്ന് കൊൽക്കത്തയിലെ ജോധ്പൂർ പാർക്കിലെ നേതാജി പ്രതിമയ്ക്ക് മുന്നിൽ വൈകുന്നേരം 5 മുതൽ രാത്രി 8 വരെ താൻ ധർണ നടത്തുമെന്നും എംപി വ്യക്തമാക്കി. ഡോക്ടർക്കുനേരെയുണ്ടായ ഹീനമായ കുറ്റകൃത്യത്തിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി തെരുവിലിറങ്ങുന്ന ദശലക്ഷക്കണക്കിന് പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രാഷ്ട്രീയമില്ലെന്നും എംപി വിശദീകരിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. 

പോലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കി. അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്ന് സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സെമിനാർ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് അന്വേഷണം സിബിഐയ്ക്ക് വിട്ടു. 

Tomorrow I am going to join the protesters particularly because I’ve a daughter and little granddaughter like millions of Bengali families. We must rise to the occasion. Enough of cruelty against women. Let’s resist together. Come what may.

— Sukhendu Sekhar Ray (@Sukhendusekhar)

രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മെഡിക്കൽ കോളേജിന്റെ വിവാദ ഉത്തരവ്, വിമർശനത്തിന് പിന്നാലെ റദ്ദാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image