മുസ്ലീം വിരുദ്ധനല്ല, കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന് പറഞ്ഞാല്‍ അത് മുസ്ളിങ്ങള്‍ മാത്രമല്ലെന്നും നരേന്ദ്രമോദി

By Web Team  |  First Published May 15, 2024, 12:22 PM IST

കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് അവരെ നോക്കാന്‍ കൂടി കഴിയണമെന്നും സര്‍ക്കാര്‍ നോക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും മോദി


ദില്ലി: മുസ്ലീം വിരുദ്ധനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കൂടുതല്‍ കുട്ടികളുള്ളവരെന്ന് പരാമര്‍ശിച്ചത് മുസ്ലീംങ്ങളെ ഉദ്ദേശിച്ചല്ലെന്നും മോദി വിശദീകരിച്ചു.  ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്ന വിശദീകരണമാണ് രാജസ്ഥാന്‍ പ്രസംഗം വിവാദമായി ചെറിയ ഇടവേളക്ക് ശേഷം   പ്രധാനമന്ത്രി നല്‍കുന്നത്. അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍ പൊതു പ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്ന് സ്വയം വിലയിരുത്തി പിന്മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവാദ പ്രസംഗത്തിലെവിടെയും ഹിന്ദു- മുസ്ലീം എന്ന് പറഞ്ഞിട്ടില്ല. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന് പറഞ്ഞാല്‍ അത് മുസ്ലീംങ്ങള്‍ മാത്രമല്ല.കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് അവരെ നോക്കാന്‍ കൂടി കഴിയണമെന്നും സര്‍ക്കാര്‍ നോക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും മോദി വിശദീകരിച്ചു.

വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് തന്‍റെ ഭാഗം മോദി ന്യായീകരിക്കുന്നത്. മോദി ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ അത് നിഷേധിക്കുന്ന നദ്ദ വസ്തുതകളുടെ അടിസ്ഥാനത്തിലേ പ്രധാനമന്ത്രി സംസാരിക്കാറുള്ളൂവെന്ന് ന്യായീകരിച്ചു. വര്‍ഗീയമായി ചിന്തിക്കുന്നത് കോണ്‍ഗ്രസാണ്.  ഹിന്ദു മതത്തെ കോണ്‍ഗ്രസ് ഇടിച്ചു താഴ്ത്തുകയാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ നിന്ന്  വിട്ടുനിന്ന് പാപം ചെയ്തെന്നും നദ്ദ കുറ്റപ്പെടുത്തി. അതേ സമയം രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നല്‍കിയത് കെട്ടിച്ചമച്ച പരാതിയാണെന്ന് തെരഞഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്ഗെ വാദിച്ചു. കോണ്‍ഗ്രസിന്‍റെ പ്രചാരണം തടസപ്പെടുത്താനുള്ള തന്ത്രമാണെന്നും, പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തില്‍  നിന്ന് ശ്രദ്ധ തിരിക്കാനുള്ള  ശ്രമമായിരുന്നുവെന്നും രാഹുലിന്‍റെ കോട്ടയം പ്രസംഗത്തിന് നല്‍കിയ വിശദീകരണത്തില്‍ ഖര്‍ഗെ വിശദീകരിച്ചു

Latest Videos

 

click me!