'വിശപ്പ് എല്ലാവർക്കും ഒരുപോലെ'; ദിവസവും 500ഓളം കുരങ്ങുകൾക്ക് ഭക്ഷണം നൽകി എസിപി;കൊവിഡ് കാലത്തെ നല്ല മാതൃക

By Web Team  |  First Published Aug 8, 2020, 4:51 PM IST

യാതൊരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെ,തന്റെ സമ്പാദ്യത്തിൽ ഒരു പങ്ക് ഉപയോ​ഗിച്ചാണ് കുരങ്ങുകൾക്ക് ആഹാരം നൽകുന്നതെന്ന് വെങ്കിടേഷ് പറയുന്നു.


ഖമ്മം: കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുൻനിരയിൽ നിന്ന് പോരാടുകയാണ് പൊലീസുകാർ. സ്വന്തം സുഖ ദുഃഖങ്ങൾ മറന്ന് മറ്റുള്ളവരുടെ ജീവനായി അവർ പടപൊരുതുകയാണ്. ആളുകൾക്ക് ഭക്ഷണം എത്തിക്കാനും രോ​ഗികൾക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും ലഭ്യമാക്കാനും അവർ മുന്നിൽ തന്നെയുണ്ട്. ഇതിനിടയിലും നന്മ പ്രവൃത്തികൾ ചെയ്യുന്ന പൊലീസുകാരുടെ നിരവധി വാർത്തകളും പുറത്തുവരുന്നത്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ തെലങ്കാനയിലെ ഖമ്മത്ത് നിന്ന് വരുന്നത്.

ലോക്ക്ഡൗണിൽ ഭക്ഷണം ഇല്ലാതെ വലയുന്ന 500ഓളം കുരങ്ങൻമാർക്ക് ആഹാരം നൽകി മാതൃകയാവുകയാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) നർസിംഗോജു വെങ്കിടേഷ്. കല്ലൂർ സബ്ഡിവിഷനിൽ ജോലി നോക്കുന്ന ഇദ്ദേഹം നീലദ്രി ക്ഷേത്ര പരിസരത്തെ കുരങ്ങൻമാർക്കാണ് ആഹാരം എത്തിക്കുന്നത്. 

Latest Videos

undefined

കൊവിഡ് -19 കാരണം ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് ക്ഷേത്ര പരിസരത്തെ കുരങ്ങുകൾ പട്ടിണിയിലായത്. പിന്നാലെ ഇവറ്റകൾ അടുത്തുള്ള ഗ്രാമങ്ങളിലെ വീടുകളിൽ ആക്രമണം നടത്തുകയും വീട്ടുപകരണങ്ങൾക്ക് നാശമുണ്ടാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുരങ്ങൻമാർക്ക് ഭക്ഷണം നൽകാൻ എസിപി തീരുമാനിച്ചത്. കുരങ്ങുകൾക്ക്  ഇഷ്ടപ്പെട്ട  വാഴപ്പഴം, പേരയ്ക്ക എന്നിവയാണ് ഏറ്റവും കൂടുതലായി ഈ അമ്പത്തിനാലുകാരൻ എത്തിച്ചു നൽകുന്നത്. പഴങ്ങൾ കൂടാതെ, വേവിച്ച ഭക്ഷണവും അദ്ദേഹം ഇവർക്ക് നൽകുന്നുണ്ട്. 

കുരങ്ങുകൾക്ക് ഭക്ഷണം എത്തിക്കുന്നതിന് തൊഴിലാളികളെയും വെങ്കിടേഷ് നിയമിച്ചിട്ടുണ്ട്. യാതൊരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെ,തന്റെ സമ്പാദ്യത്തിൽ ഒരു പങ്ക് ഉപയോ​ഗിച്ചാണ് കുരങ്ങുകൾക്ക് ആഹാരം നൽകുന്നതെന്ന് വെങ്കിടേഷ് പറയുന്നു.

“ക്ഷേത്രത്തിൽ ഭക്തരുടെ കുറവുണ്ടായതിനാൽ കുരങ്ങൻമാരുടെ അവസ്ഥ ദുഷ്കരമായി. ഇതോടെയാണ് ഞാൻ ആഹാരം നൽകാൻ തുടങ്ങിയത്. കുരങ്ങുകളെ പോറ്റുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷമാണ് അനുഭവപ്പെടുന്നത്. അവരും മനുഷ്യരെപ്പോലെയാണ്. വിശപ്പ് എല്ലാവർക്കും ഒരുപോലെയാണ്” വെങ്കിടേഷ് പറഞ്ഞു.

click me!