'കനത്ത ചൂടും പൊലീസിന്‍റെ മര്‍ദ്ദനവും'; രാത്രിയില്‍ യമുനാ നദി മുറിച്ച് കടന്ന് കുടിയേറ്റ തൊഴിലാളികള്‍

By Web Team  |  First Published May 23, 2020, 12:55 PM IST

റോഡുകളിലൂടെ പോവുമ്പോള്‍ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതായും കുടിയേറ്റ തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ട്. കടുത്ത ചൂടും പൊലീസിനെ ഭയന്നുമാണ് നദി രാത്രിയില്‍ മുറിച്ച് കടക്കുന്നതെന്നാണ് ബിഹാര്‍ സ്വദേശിയായ പതിനാറുകാരന്‍ രാഹുല്‍ 


ദില്ലി: ലോക്ക്ഡൌണിലെ വീടുകളിലേക്കുള്ള മടക്ക യാത്രയില്‍ കനത്ത ചൂട് വെല്ലുവിളിയായതോടെ രാത്രിയില്‍ യമുനാ നദി മുറിച്ച് കടന്ന് ബിഹാറിലേക്ക് നടന്ന് പോകുന്നവരുടെ എണ്ണം കൂടുന്നു. ഉത്തര്‍പ്രദേശ് ഹരിയാന അതിര്‍ത്തിയിലുള്ള നദിയില്‍ വേനല്‍ക്കാലത്ത് വെള്ളം കുറയുന്നതാണ് നദി മുറിച്ച് കടന്ന് പോകാന്‍ കുടിയേറ്റ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സൌകര്യമൊരുക്കുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാന്‍ പോലും നിവര്‍ത്തിയില്ലാത്തതാണ് നടന്ന് പോകാന്‍ കുടിയേറ്റ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 

കഴിഞ്ഞ ഏതാനും ദിവസമായി 2000ല്‍ അധികം ആളുകളാണ് യമുനാ നദി കാല്‍നടയായി മുറിച്ച് കടന്നതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. റോഡുകളിലൂടെ പോവുമ്പോള്‍ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതായും കുടിയേറ്റ തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ട്. കടുത്ത ചൂടും പൊലീസിനെ ഭയന്നുമാണ് നദി രാത്രിയില്‍ മുറിച്ച് കടക്കുന്നതെന്നാണ് ബിഹാര്‍ സ്വദേശിയായ പതിനാറുകാരന്‍ രാഹുല്‍ എന്‍ടി ടിവിയോട് പ്രതികരിച്ചത്. ബീഹാര്‍ വരെ നടന്ന് പോകാനേ നിവര്‍ത്തിയുള്ളൂവെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യമുനാനഗറിലെ ഒരു പ്ലൈ വുഡ് ഫാക്ടറിയിലെ ദിവസവേതന ജീവനക്കാരനായിരുന്നു രാഹുല്‍. ലോക്ക്ഡൌണില്‍ തൊഴില്‍ നഷ്ടമായും വാടക കൊടുക്കാന്‍ വഴിയില്ലാതെ കെട്ടിട ഉടമ ഒഴിയാന്‍ ആവശ്യപ്പെട്ടതിനേയും തുടര്‍ന്ന് നിരവധിപ്പേരാണ് സ്വന്തം നാടുകളിലേക്ക് പോവുന്നത്. യമുനാ നദീ തീരത്ത് പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നതും ഇവരെ ഇത് വഴി പോകാന്‍ ധൈര്യപ്പെടുത്തുന്നുണ്ട്. തലയിലും കൈകളിലും തോളിലുമെല്ലാം ബാഗുകള്‍ ചുമന്ന് നൂറുകണക്കിന് പേരാണ് മുട്ടറ്റം വെള്ളമുള്ള യമുനാ നദി മുറിച്ചുകടന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വീടെത്താന്‍ പെടാപാടുപെടുന്നത്. 

Latest Videos

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് നാട്ടിലെത്താനായി പല വഴിയില്‍ സഞ്ചരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി യാത്ര ചെയ്യാന്‍ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടി ക്വാറന്‍റൈനില്‍ ആക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ആയിരക്കണക്കിന് ദൂരം സൈക്കിള്‍ ചവിട്ടിയും നടന്നും നിരവധി പേര്‍ വീട്ടിലെത്താന്‍ ശ്രമിച്ചു. ചിലര്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണും അപകടത്തില്‍പ്പെട്ടും മരിച്ച സംഭവങ്ങളുമുണ്ടായി. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നും അവര്‍ കാല്‍നടയായോ റെയില്‍വെ ട്രാക്കിലൂടെയോ യാത്ര ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നിരിക്കെയാണ് സാഹസിക രീതിയില്‍ ഇവര്‍ യമുന മുറിച്ച് കടക്കുന്നത്. 

click me!