വാർത്ത പരന്നതോടെ കൂടുതല്‍ ആളുകള്‍ ഓടിയെത്തി കീറിയ നോട്ടുകൾ വാരിക്കൂട്ടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തുടര്‍ന്ന് 500 രൂപ നോട്ടുകള്‍ ശേഖരിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി (ബിഡിപിഎൽ) ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ 156 ചാക്ക് പണം കണ്ടെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതേ ഡിസ്റ്റിലറി വളപ്പില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ 500 രൂപ നോട്ടുകൾ കണ്ടെത്തിയ സംഭവം വലിയ വാര്‍ത്തയാവുകയാണ്. ബൗധ് ജില്ലയിലെ ഹരഭംഗ ബ്ലോക്കിന് കീഴിലുള്ള തിത്തിരികതയിൽ ബിഡിപിഎല്ലിന്റെ അതിർത്തി മതിലിന് സമീപമാണ് വലിച്ചെറിഞ്ഞ നിലയിൽ നടുവേ കീറിയ കറൻസി നോട്ടുകൾ നാട്ടുകാര്‍ കണ്ടെത്തിയത്.
വാർത്ത പരന്നതോടെ കൂടുതല്‍ ആളുകള്‍ ഓടിയെത്തി കീറിയ നോട്ടുകൾ വാരിക്കൂട്ടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തുടര്‍ന്ന് 500 രൂപ നോട്ടുകള്‍ ശേഖരിച്ചു. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഐടി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. 156 ചാക്ക് പണവും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ബാലൻഗീർ ജില്ലയിലെ സുദാപദയിൽ നിന്നാണ് പണമടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. ഇതുവരെ 20 കോടിയോളം രൂപ എണ്ണിക്കഴിഞ്ഞു, ഇതുവരെ കണ്ടെടുത്ത മൊത്തം തുക 220 കോടി രൂപയായി. 156 ബാഗുകളിൽ 6/7 എണ്ണം മാത്രമാണ് എണ്ണിത്തിട്ടപ്പെടുത്താനായത്. റാഞ്ചി, കൊൽക്കത്ത എന്നിവയ്ക്ക് പുറമെ സംബൽപൂർ, ബലംഗീർ, ടിറ്റ്‌ലഗഡ്, ബൗധ്, സുന്ദർഗഡ്, റൂർക്കേല, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച റെയ്ഡുകൾ നടന്നത്.
കണക്കിൽ പെടാത്ത പണത്തിന്റെ കൃത്യമായ തുക കണ്ടെത്താൻ കൗണ്ടിംഗ് മെഷീനുകൾ അടക്കം ഉപയോഗിച്ചാണ് നോട്ടെണ്ണല്‍ നടത്തുന്നത്. പടിഞ്ഞാറൻ ഒഡീഷയിലെ ഏറ്റവും വലിയ മദ്യ നിർമ്മാതാക്കളും വിൽപന കമ്പനികളും ഒന്നായ ബൽദിയോ സാഹു ആൻഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബലംഗീർ ഓഫീസിൽ നടത്തിയ റെയ്ഡിൽ 200 കോടിയോളം രൂപ നേരത്തെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ട്രക്കുകള്‍ എത്തിച്ചാണ് ഈ പണം ബാങ്കിലേക്ക് മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം