മകളുടെ കല്യാണം മുതൽ ലൂർദ്ദ് മാതാവിനുള്ള കിരീടം വരെ, തൃശൂരിൽ സുരേഷ് ഗോപിയെ 'ശക്തനാ'ക്കിയ വാർത്തകളും വിവാദങ്ങളും

By Web Team  |  First Published Jun 4, 2024, 9:46 PM IST

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പി മൂന്നാം സ്ഥാനത്തായ സുരേഷ് ഗോപി മൂന്നാമൂഴത്തില്‍ തൃശൂരില്‍ ഒന്നാം സ്ഥാനത്തെത്തി ശക്തന്‍റെ തട്ടകത്തില്‍ കരുത്ത് കാട്ടി.


തൃശൂർ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 'തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഓളമാണുണ്ടാക്കിയത്. എന്നാല്‍ ഫലം വന്നു കഴിഞ്ഞപ്പോള്‍ അത് വലിയ ട്രോളായി. സുരേഷ് ഗോപി തന്നെ നായകനായി അഭിനയിച്ച സിനിമയില്‍ പോലും സഹ കഥാപാത്രം സൂപ്പര്‍ താരത്തെ ആ ഡയലോഗ് പറഞ്ഞ് കളിയാക്കുന്നതും പിന്നീട് മലയാളികള്‍ കണ്ടു. എന്നാല്‍ അതിനെ പരിഹാസമായി എടുക്കാതെ അലങ്കാരമായി എടുത്തായിരുന്നു സുരേഷ് ഗോപിയുടെ പിന്നീടുള്ള ഓരോ നീക്കങ്ങളും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ സുരേഷ് ഗോപി മൂന്നാമൂഴത്തില്‍ തൃശൂരില്‍ ഒന്നാം സ്ഥാനത്തെത്തി ശക്തന്‍റെ തട്ടകത്തില്‍ കരുത്ത് കാട്ടി. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് നേരത്തെ രണ്ട് തവണ തോറ്റിട്ടും രാജ്യസഭാ എം പിയെന്ന നിലയിലും തൃശൂര്‍ കേന്ദ്രീകരിച്ച് തന്നെയായിരുന്നു സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി അമിത് ഷാ തന്നെ സുരേഷ് ഗോപിയെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി  അവതരിപ്പിച്ചപ്പോഴെ വിഐപി മണ്ഡലത്തില്‍ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയും ആരംഭിച്ചിരുന്നു.

Latest Videos

ഡല്‍ഹിയില്‍ 'ആപ്പി'ലായി അരവിന്ദ് കെജ്രിവാള്‍; തലസ്ഥാനം തൂത്തുവാരാന്‍ ബിജെപി; കനയ്യകുമാറും തോല്‍വിയിലേക്ക്

ഒക്ടോബറില്‍ കരുവന്നൂര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനകളിലൂടെയും പദയാത്രയിലൂടെയുമെല്ലാം സുരേഷ് ഗോപി മണ്ഡലത്തില്‍ തന്‍റെ സാന്നിധ്യം സജീവമാക്കി നിലനിര്‍ത്തി. പദയാത്രയില്‍ കിതച്ചതും വെള്ളം കുടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസങ്ങള്‍ക്ക് കാരണമായെങ്കിലും അതൊന്നും കണക്കിലെടുക്കാതെ സുരേഷ് ഗോപി മുന്നോട്ട് നടന്നു. പരിഹാസങ്ങളും ട്രോളുകളും മാത്രമായിരുന്നില്ല കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ സൂപ്പര്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും സിനിയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതും പിന്നാലെ നടത്തിയ പ്രതികരണങ്ങളുമെല്ലാം താരത്തെ വാര്‍ത്തകളില്‍ സജീവമായി നിലനിര്‍ത്തി.

ബംഗാളില്‍ യൂസഫ് പത്താന്‍റെ സിക്സറില്‍ പതറി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

ഇതിന് പിന്നാലെ ജനുവരിയില്‍ മകളുടെ വിവാഹം ഗുരുവായൂരില്‍ വെച്ചുതന്നെ നടത്താനുള്ള സുരേഷ് ഗോപിയുടെ തീരുമാനവും വെറുതെയായിരുന്നില്ല. മകളുടെ വിവാഹത്തിന് മലയാള സിനിമ ഒന്നടങ്കം എത്തിയപ്പോള്‍ താരങ്ങളെ കാണാന്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയത് ആയിരങ്ങളാണ്. പിന്നാലെ വധൂ-വരന്‍മാരുടെ കൈപിടിച്ചു കൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗുരുവായൂരില്‍ നേരിട്ടെത്തിയത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ സുരേഷ് ഗോപിക്ക് നല്‍കിയത് വലിയ മൈലേജായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് തൃശൂരില്‍ എതിരാളികളായി വി എസ് സുനില്‍ കുമാറും കെ മുരളീധരനുമാണെന്ന് വ്യക്തമായപ്പോഴും സുരേഷ് ഗോപി തന്നൊയിരുന്നു വാര്‍ത്തകളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. ലൂര്‍ദ്ദ് മാതാവിന് സമ്മാനിച്ച കിരീടവും തെരഞ്ഞടുപ്പ് പ്രചാരണവേദികളിൽ വേണ്ടത്ര പ്രവര്‍ത്തകര്‍ ഇല്ലാത്തതിന് പരസ്യമായി പൊട്ടിത്തെറിച്ചതും വോട്ടു ചോദിച്ചെത്തിയ സൂപ്പര്‍ താരത്തെ വോട്ടര്‍മാര്‍ ചോദ്യം ചെയ്യുന്നതും വോട്ടര്‍മാര്‍ക്കൊപ്പമുള്ള ഡാന്‍സും ഫ്ലയിംഗ് കിസ്സും അങ്ങനെ തൊടുന്നതെല്ലാം  സമൂഹമാധ്യമങ്ങളില്‍ എതിരാളികള്‍ ട്രോളുകളായും പരിഹാസങ്ങളാലും ആഘോഷമാക്കിയപ്പോഴും സുരേഷ് ഗോപിയുടെ സ്വീകാര്യത കൂടുകയാണ് ചെയ്യുന്നതെന്ന് അവർ പോലും അറിഞ്ഞില്ല.

ചുമരെഴുത്ത് തുടങ്ങിയശേഷം ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ രംഗത്തിറക്കിയപ്പോള്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിടത്തു നിന്ന് 75000ല്‍ അധികം ഭൂരിപക്ഷം നേടി ചരിത്രവിജയം സമ്മാനിച്ചതിന് പിന്നില്‍ പരിഹസിക്കാനും ട്രോളാനുമായി സമൂഹമാധ്യമങ്ങളില്‍ എതിരാളികള്‍ സുരേഷ് ഗോപിക്ക് നല്‍കിയ ഈ സജീവതക്കും വലിയ പങ്കുണ്ട്. രാഷ്ട്രീയം നോക്കാതെ സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിഗത ഇമേജും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനെന്ന പ്രതിച്ഛായയും ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ അവസാന നിമിഷമുണ്ടായ മലക്കം മറിച്ചിലുകളുമെല്ലാം സുരേഷ് ഗോപിയുടെ വിജയത്തില്‍ നിര്‍ണായകമായി. വിജയം നേടിയശേഷം സുരേഷ് ഗോപി പറഞ്ഞ വാക്കുകകളും അത് അടിവരയിടുന്നതായിരുന്നു.

click me!