ആര് ഭരിക്കും? വാതുവെപ്പ് വഴി അനധികൃതമായി ഒഴുകുന്നത് കോടികള്‍; എന്താണ് ഫലോഡി സട്ട മാര്‍ക്കറ്റ്?

By Web Team  |  First Published May 22, 2024, 10:53 AM IST

അടിമുടി നിയമവിരുദ്ധം, ദുരൂഹം; തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ കൊണ്ട് കോടികളുണ്ടാക്കുന്ന ഫലോഡി സട്ട മാര്‍ക്കറ്റിലെ ഫലങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ആരാധകരേറെ!


ഫലോഡി: നിയമവിരുദ്ധമായി ക്രിക്കറ്റ് മത്സരങ്ങള്‍ മുതല്‍ തെരഞ്ഞെടുപ്പുകള്‍ വരെയുള്ള ഫലങ്ങള്‍ പ്രവചിക്കുകയും അതുവഴി കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന ഒരു വാതുവെപ്പ് മാര്‍ക്കറ്റുണ്ട് ഇന്ത്യയില്‍. ഫലോഡി സട്ട മാര്‍ക്കറ്റ് എന്നാണ് ഈ കൊച്ചു ടൗണിന്‍റെ പേര്. വാതുവെപ്പും ചൂതാട്ടവും ഇന്ത്യയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും വിചിത്രയും രഹസ്യവുമായി പ്രവര്‍ത്തിക്കുന്ന ഫലോഡി സട്ട ബസാറിലെ പ്രവചനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും നിരവധിയാളുകള്‍ ഉറ്റുനോക്കുന്നതാണ്. 

'ഇവിടെ എന്തും പോകും', എന്ന് പറയുന്നത് പോലെയാണ് പ്രവചനങ്ങളുടെ കാര്യത്തില്‍ രാജസ്ഥാനിലെ ജോധ്‌പൂരിനടുത്തുള്ള ഫലോഡി സട്ട മാര്‍ക്കറ്റ്. ക്രിക്കറ്റും തെരഞ്ഞെടുപ്പുകളും അടക്കം രാജ്യം ഉറ്റുനോക്കുന്ന അനവധി കാര്യങ്ങളുടെ നിയമവിരുദ്ധമായ പ്രവചനവും അതുവഴിയുള്ള സാമ്പത്തിക ലാഭമുണ്ടാക്കലുമാണ് ഈ മാര്‍ക്കറ്റില്‍ നടക്കുന്നത്. ഒപ്പീനിയന്‍ പോളുകള്‍ക്ക് നിരോധനമുള്ള ഈസമയത്ത് പോലും ഫലോഡി സട്ട മാര്‍ക്കറ്റ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളുമായി സജീവം. വാതുവെപ്പിന് രാജ്യത്ത് നിരോധനമുള്ളതിനാല്‍ വളരെ രഹസ്യസ്വഭാവത്തോടെയാണ് ഈ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഫലോഡി സട്ട മാര്‍ക്കറ്റില്‍ പ്രവചനങ്ങളും വാതുവെപ്പുകളും നടക്കുന്നത് പകല്‍ പോലെ എല്ലാവര്‍ക്കുമറിയാം. 

Latest Videos

ഫലോഡി സട്ട മാര്‍ക്കറ്റിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവിടുത്തെ പ്രവചനങ്ങള്‍ക്കും വാതുവെപ്പിനും ഇതേ പഴക്കം അവകാശപ്പെടാം. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇവിടുത്തെ പ്രവചന ബിസിനസിന് കേന്ദ്രീകൃതമായ ചൂതാട്ടത്തിന്‍റെ ഒരു രൂപം വന്നു. മഴയുടെ വാതുവെപ്പോടെയായിരുന്നു ഈ മാര്‍ക്കറ്റിന്‍റെ തുടക്കം എന്നാണ് ചരിത്രം. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രവചനങ്ങളും വാതുവെപ്പുമായി ഈ മാര്‍ക്കറ്റ് പ്രസിദ്ധവും കുപ്രസിദ്ധവുമായി. എന്നാല്‍ ഇപ്പോഴും മഴ പ്രവചനങ്ങള്‍ ഈ മാര്‍ക്കറ്റില്‍ നടക്കാറുണ്ട്. മഴയെ തുടര്‍ന്ന് ഒരു കനാല്‍ നിറയുന്നതോ കുളം കരകവിഞ്ഞൊഴുകുന്നതോ എല്ലാം ഇവിടെ മഴയുമായി ബന്ധപ്പെട്ട വാതുവെപ്പിന്‍റെ വിഷയങ്ങളാവാറുണ്ട്. റേഡിയോയില്‍ ക്രിക്കറ്റ് കമന്‍ററികള്‍ വന്ന് തുടങ്ങിയതോടെ ക്രിക്കറ്റിലേക്കായി വാതുവെപ്പുകളിലെ ശ്രദ്ധ. ഈ ഐപിഎല്‍ കാലത്തും ഈ വാതുവെപ്പും ചൂതാട്ടവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

എഴുപതുകള്‍ക്ക് ശേഷമാണ് ഫലോഡി സട്ട മാര്‍ക്കറ്റില്‍ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും വാതുവെപ്പും കൂടുതല്‍ പ്രചാരത്തിലായത്. ഇവിടുത്തെ തെര‌ഞ്ഞെടുപ്പ് പ്രവചനങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ വരെ ഇപ്പോള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. അങ്ങനെ ദേശീയ ശ്രദ്ധയും ജോധ്‌പൂരിലെ ഈ ചെറിയ മാര്‍ക്കറ്റ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഒപ്പീനിയന്‍ പോളുകള്‍ക്ക് രാജ്യത്ത് നിരോധനമുണ്ട്. അപ്പോഴും ഫലോഡി സട്ട മാര്‍ക്കറ്റിലെ തെരഞ്ഞെടുപ്പ് പ്രവചനം തകൃതിയായി നടക്കുന്നു. കോടികളുടെ ചൂതാട്ടമാണ് ഇതിനൊപ്പം തകൃതിയായി ഇവിടെ ഓരോ ദിനവും നടക്കുന്നത്. ഈ വിവരങ്ങള്‍ അറിയാന്‍ ഏറെ താല്‍പര്യമുള്ളവരുണ്ട് എന്നതാണ് മറ്റൊരു വസ്തുത. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രീതികളിലാണ് ഫലോഡി സട്ട മാര്‍ക്കറ്റില്‍ വാതുവെപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേകയാളെ സ്ഥാനാര്‍ഥിയാക്കുമോ? ഒരു പാര്‍ട്ടി എത്ര സീറ്റുകള്‍ നേടും? നിശ്ചിത സ്ഥാനാര്‍ഥി വിജയിക്കുമോ? ആര് പ്രധാനമന്ത്രിയാവും? ആര് മുഖ്യമന്ത്രിയാവും?- എന്നിങ്ങനെയുള്ള ചോദ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇവിടെ വാതുവെക്കുക. നേരിയ മാര്‍ജിനിലോ നല്ല മാര്‍ജിനിലോ വിജയിക്കുക എന്നത് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാന ബെറ്റിംഗ്. 

ഫലോഡിക്ക് പുറത്തുനിന്നുള്ളവര്‍ക്ക്  സട്ട മാര്‍ക്കറ്റിലേക്ക് പ്രവേശനം എളുപ്പമല്ല. ഏജന്‍റുമാര്‍ മുഖേന മാര്‍ക്കറ്റിലേക്ക് വരാം. പക്ഷേ പണം മുന്‍കൂറായി നല്‍കിവേണം വാതുവെപ്പില്‍ പങ്കെടുക്കാന്‍. ഈ ഡിജിറ്റല്‍ കാലത്ത് ഇവിടുത്തെ സാമ്പത്തിക ഇടപാടുകളെല്ലാം ഏതാണ്ട് ഓണ്‍ലൈന്‍ മാര്‍ഗം വഴിയാണ്. വാതുവെപ്പിന്‍റെ വിഷയങ്ങള്‍ അനുസരിച്ച് വാതുവെപ്പിലെ തുകയില്‍ മാറ്റം വരും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സട്ട മാര്‍ക്കറ്റ് വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കും. ഇതിനകം കോടികളുടെ ബിസിനസ് ഇവിടെ നടക്കും. രാജ്യത്തെ വിവിധയിടങ്ങളിലായി ആളുകളുടെ ശൃംഖലയുള്ളത് പ്രയോജനപ്പെടുത്തി അഭിപ്രായം ആരാഞ്ഞാണ് വോട്ടര്‍മാരുടെ മനസും ഇലക്ഷന്‍ ട്രെന്‍ഡുകളും ഫലോഡി സട്ട മാര്‍ക്കറ്റില്‍ കണക്കുകൂട്ടി പ്രവചിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റിനും തെരഞ്ഞെടുപ്പ് പ്രവചനരംഗത്ത് വിശ്വാസ്യതയുണ്ട് എന്നതാണ് വിചിത്രമായ വസ്‌തുത. 

(ഈ വാര്‍ത്ത വാതുവെപ്പിനെയും ചൂതാട്ടത്തെയും പ്രോത്സാഹിപ്പിക്കുന്നത് അല്ല എന്നറിയിക്കുന്നു, ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്) 

Read more: ദില്ലി പിടിക്കാന്‍ നേതാക്കളുടെ പടയെയിറക്കി ബിജെപി; മലയാളി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ 'കേരള' തന്ത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
         

click me!