2,31,739 കിടക്കകള്‍ സജ്ജമെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ രോഗികള്‍ക്ക് പെരുവഴിയില്‍ കിടക്കേണ്ട ഗതികേട്. ചികിത്സ കിട്ടാതെ ഗുജറാത്തില്‍ മൂന്നും ചെന്നൈയില്‍ ഒരാളും മഹാരാഷ്ട്രയില്‍ എട്ട് പേരും മരിച്ചതായി റിപ്പോര്‍ട്ട്.
ദില്ലി: രോഗബാധ രൂക്ഷമായ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുന്നു. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലും മതിയായ കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പെരുവഴിയില്‍ കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍. അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ടതോടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണവും കൂടുകയാണ്.
ദില്ലിയിലെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്കൊപ്പം എത്തിയവരാണ് ഈ ആശങ്ക പങ്കിടുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ദില്ലിയില്‍ 39, 455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളും 80 ശതമാനം നിറഞ്ഞ് കഴിഞ്ഞു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3203 ആശുപത്രികളും, അഞ്ഞൂറോളം കൊവിഡ് കെയര്‍ സെന്‍ററുകളുമുള്ള മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ്. 2,31,739 കിടക്കകള്‍ സജ്ജമെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് രോഗികള്‍ക്ക് പെരുവഴിയില്‍ കിടക്കേണ്ട ഗതികേട് ഉണ്ടാകുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 2439 ആശുപത്രികളുള്ള ചെന്നൈയില്‍ ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സജ്ജമാക്കിയ താല്‍ക്കാലിക കേന്ദ്രത്തിലും രോഗികള്‍ ദുരിതത്തിലാണ്.
ഗുജറാത്ത് ഹൈക്കോടതി ഇരുട്ടറയെന്ന് വിശേഷിപ്പിച്ച അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട മൂന്ന് പേരാണ് അടുത്തിടെ മരിച്ചത്. ചെന്നൈയില്‍ ഒരാളും മഹാരാഷ്ട്രയില്‍ എട്ട് പേരും ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.