കാറിന് പിന്നിൽ വരികയായിരുന്ന രാജേന്ദ്ര ഗുപ്ത എന്ന എഴുപത് വയസുകാരനെ കാർ ഇടിച്ചിട്ട ശേഷം അപകടം പറ്റിയത് മനസിലാവാതെ ഡ്രൈവർ വാഹനം പിന്നെയും പിന്നിലേക്ക് എടുക്കുകയായിരുന്നു.
ലക്മനൗ: പിന്നിലേക്ക് എടുത്ത കാറിന് അടിയിൽപ്പെട്ട് 70 വയസുകാരന് ഗുരുതര പരിക്ക്. നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുത്തപ്പോഴാണ് വൃദ്ധനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയത്. വാഹനത്തിന്റെ അടിയിൽ മുൻവശത്ത് കുടുങ്ങിയ വൃദ്ധനെ വലിച്ചിഴച്ചുകൊണ്ട് റോഡിലൂടെ നീങ്ങുകയും ചെയ്തു. ഉത്തർപ്രദേശിലെ ജാൻസിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇടുങ്ങിയ റോഡിൽ മറ്റ് ഏതാനും വാഹനങ്ങൾക്കൊപ്പം പാർക്ക് ചെയ്തിരിക്കുകയായിരുന്ന ടൊയോറ്റ ഫോർച്യൂണർ കാറാണ്, ഡ്രൈവർ കയറി പിന്നിലേക്ക് എടുത്തപ്പോൾ അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുമുണ്ട്. കാറിന് പിന്നിൽ വരികയായിരുന്ന രാജേന്ദ്ര ഗുപ്ത എന്ന എഴുപത് വയസുകാരനെ കാർ ഇടിച്ചിട്ട ശേഷം അപകടം പറ്റിയത് മനസിലാവാതെ ഡ്രൈവർ വാഹനം പിന്നെയും പിന്നിലേക്ക് എടുക്കുകയായിരുന്നു. അൽപ ദൂരം കൂടി കാർ പിന്നിലേക്ക് പോയി. വാഹനത്തിന് അടിയിൽ കുടുങ്ങിയ രാജേന്ദ്ര കാറിനൊപ്പം റോഡിലൂടെ നിരങ്ങി നീങ്ങി. വേദന കാരണം നിലവിളിച്ചതു കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. ആളുകൾ വന്നപ്പോഴേക്കും ഡ്രൈവർ കാർ അൽപദൂരം കൂടി മുന്നിലേക്ക് എടുത്തു. അപ്പോഴും റോഡിൽ കിടക്കുകയായിരുന്ന രാജേന്ദ്ര കാറിനൊപ്പം വീണ്ടും റോഡിൽ നിരങ്ങിനീങ്ങി.
undefined
ആളുകൾ ഓടി വന്നപ്പോൾ ഡ്രൈവറും പുറത്തിറങ്ങി നോക്കി. അപ്പോഴാണ് കാറിനടയിൽ വൃദ്ധൻ അകപ്പെട്ടത് മനസിലായത്. പിന്നീട് വാഹനം വീണ്ടും പിന്നിലേക്ക് എടുത്ത ശേഷമാണ് ആളുകൾ അദ്ദേഹത്തെ പുറത്തേക്ക് എടുത്തത്. ആളുകൾ വിവരമറിയിച്ചത് അനുസരിച്ച് പൊലീസും സ്ഥലത്തെത്തി. കാർ ഡ്രൈവറും പരിക്കേറ്റയാളെ സഹായിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപകടകരമായി വാഹനം ഓടിച്ചതിനും മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കിയതിനം ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.