'രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം', ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി 'സർക്കാരിനെ സമീപിക്കു'

By Web TeamFirst Published Jan 20, 2024, 4:51 PM IST
Highlights

അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി

ചെന്നൈ: ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അർജുൻ ഇളയരാജ എന്നയാൾ ആണ് രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അർജുൻ ഇളയരാജയുടെ ഹർജി തള്ളിക്കളഞ്ഞു. ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.

'കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ മനുഷ്യചങ്ങല'; മുഖ്യമന്ത്രിക്ക് പറയാനുള്ളത്

Latest Videos

അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ വിവിധ സംസ്ഥാനങ്ങളും വലിയ ആഘോഷത്തിനുള്ള പദ്ധതിയിലാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.

രാജ്യത്തുടനീളം വലിയ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കാണ് സംഘടനകൾ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജയ്ശ്രീറാം എന്നെഴുതിയ പതാകകൾ ബി ജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികൾ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയിൽ എത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് കേന്ദ്രം മാർഗ നിർദ്ദേശവും നൽകിയിട്ടുണ്ട്. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്കരുതെന്നാണ് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം നല്കി. സാമൂഹ്യമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!