മരുന്ന് നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള കഞ്ചാവ് കൃഷി നിയമ വിധേയമാക്കാമെന്നാണ് ശുപാർശ. ദുരുപയോഗം കർശനമായി തടയണമെന്ന നിർദേശവുമുണ്ട്.
ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഇത് സംബന്ധിച്ച് നേരത്തെ നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ചാണ് ഇപ്പോഴത്തെ പ്രമേയം. മരുന്ന് നിർമാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാധ്യത ഊന്നിപ്പറയുന്ന പ്രമേയത്തിൽ കഞ്ചാവ് കൃഷി, സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസായി ഉപയോഗിക്കാനാവുമെന്നും വിശദീകരിക്കുന്നുണ്ട്.
റവന്യൂ മന്ത്രി ജഗത് സിങ് നേഗിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കഞ്ചാവ് കൃഷിയുടെ സാധ്യതകളെക്കുറിച്ചും ലാഭ സാധ്യതകളെ കുറിച്ചും പഠനം നടത്തിയത്. ചട്ട പ്രകാരം വിഷയം ആദ്യമായ സഭയിൽ ഉന്നയിച്ചതും അദ്ദേഹം തന്നെയായിരുന്നു. നിർദേശത്തിന് ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പൂർണ പിന്തുണ ലഭിച്ചു. തുടർന്നാണ് വിഷയം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. ഇതിന്റെ അധ്യക്ഷനായും ഗത് സിങ് നേഗിയെ തന്നെ നിയോഗിച്ചു.
undefined
സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിച്ച സമിതി അംഗങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ് കഞ്ചാവ് കൃഷി എങ്ങനെ ലാഭകരമായി മരുന്ന് നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി നടത്താമെന്ന് പരിശോധിച്ചത്. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും പരീക്ഷിച്ച് വിജയിച്ച മാതൃകകളും പരിശോധിച്ചു. ജനാഭിപ്രായം കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് അനുകൂലമായിരുന്നുവെന്നാണ് സമിതി റിപ്പോർട്ട്.
കഞ്ചാവ് കൃഷിക്ക് വെള്ളം കുറച്ച് മാത്രം മതിയെന്നതും വന്യ മൃഗങ്ങളുടെ ശല്യം കുറവാണെന്നതും ചെടികളെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തമാണെന്നതും അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെട്ടു. കൃഷിക്ക് വലിയ തോതിൽ ഭൂമി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കഞ്ചാവിന്റെ ദുരുപയോഗം കർശനമായി തടയണമെന്നും നിർദേശമുണ്ട്. അതുകൊണ്ടുതന്നെ കൃഷി നടത്താൻ സന്നദ്ധരാവുന്നവർക്ക് കർശന നിബന്ധനകൾ മുന്നോട്ട് വെയ്ക്കണമെന്നും ദുരുപയോഗ സാധ്യതകൾ പൂർണമായി ഇല്ലാതാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം