ഒളിപ്പിക്കുന്നത് മറ്റെവിടെയുമല്ല പെട്രോൾ ടാങ്കിൽ തന്നെ; 30 കോടിയുടെ യാബ ഗുളികകൾ പിടിച്ചെടുത്ത് അസം പൊലീസ്

By Web Team  |  First Published Jul 11, 2024, 8:24 PM IST

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഒരു കാറിനെ പിന്തുടർന്നു. തുടർന്നാണ് തടഞ്ഞു പരിശോധിച്ചത്. 


ഗുവാഹത്തി: അസമിൽ നടന്ന വൻ ലഹരി വേട്ടയിൽ 30 കോടി രൂപ വിലവരുന്ന ഒരു ലക്ഷം യാബ ഗുളികകൾ പിടിച്ചെടുത്തു. ലഹരി ശേഖരം കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കരിംഗഞ്ച് ‍ജില്ലയിലെ ഗന്ധരാജ് ബാരി ഏരിയയിൽ രാത്രിയായിരുന്നു ലഹരി വേട്ട.

രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഒരു കാറിനെ പൊലീസുകാർ  പിന്തുടരുകയായിരുന്നു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വൻ ലഹരി ശേഖരം കണ്ടെടുത്തത്. നസ്മുൽ ഹുസൈൻ, മുത്ലിബ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിസോറാം ഭാഗത്തു നിന്ന് യാബ ഗുളികകൾ കടത്തുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് കരിംഗഞ്ച് എസ്.പി പറഞ്ഞു.  കാറിന്റെ ഇന്ധന ടാങ്കിൽ പ്രത്യേക സംവിധാനമുണ്ടാക്കി അതിനകത്തായിരുന്നു ഒരു ലക്ഷം ഗുളികകൾ ഒളിപ്പിച്ചിരുന്നത്. ഇത് പത്ത് പാക്കറ്റുകളിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. വിപണിയിൽ ഇതിന് 30 കോടി രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

undefined

നേരത്തെ ജൂണ ആദ്യത്തിലും അസമിൽ വൻ ലഹരി വേട്ട നടന്നിരുന്നു. എട്ടര കോടി രൂപ വിലവരുന്ന 1.7 കിലോഗ്രാം ഹെറോയിനാണ് അന്ന് പിടിച്ചെടുത്തത്. അസം - മിസോറാം അതിർത്തിയിൽ നിന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ലഹരി ശേഖരവും പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!