ഗുജറാത്ത് കോൺഗ്രസിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുണ്ടെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ആരോപണം ശരിയാണെന്നും, പുനഃസംഘടന പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ്: ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവർ ഗുജറാത്ത് കോൺഗ്രസിലുണ്ടെന്ന് ജിഗ്നേഷ് മേവാനി. രാഹുൽ ഗാന്ധിയുടെ ആരോപണം ശരിയാണ്. പാർട്ടി തിരിച്ചുവരും. പുനസംഘടന പാർട്ടിയുടെ ശക്തി കൂട്ടും. നേട്ടങ്ങളും, തിരിച്ചടികളും കൂട്ടായ ഉത്തരവാദിത്തമായി കാണണമെന്നും മേവാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവർ ഗുജറാത്ത് കോൺഗ്രസിലുണ്ടെന്ന് ജനങ്ങൾ പോലും നിരന്തരം പറയുന്നുണ്ട്. അത് ശരിക്കും നാണക്കേടാണ്. അവരെ പാര്‍ട്ടിയിൽ നിന്ന് പുറന്തള്ളണമെന്നും മേവാനി പറഞ്ഞു. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജിഗ്നേഷ് മേവാനി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
അതേസമയം, ഡിസിസി പ്രസിഡന്‍റുമാർക്ക് ഇനി മുതൽ കേന്ദ്രത്തിലും നിർണ്ണായക റോൾ എന്ന നിലയിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം മാറുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഡിസിസി പ്രസിഡന്‍റുമാരുടെ ശുപാർശ പരിഗണിക്കും. എഐസിസി നീക്കത്തിൽ പിസിസി അധ്യക്ഷന്മാർക്കും പാർലമെന്‍ററി പാർട്ടി നേതാക്കൾക്കും അതൃപ്തിയുണ്ട്.
പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് 'ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മിന്‍റേയും ബിജെപിയുടെയും കേഡർ സംവിധാനം ഉയർത്തുന്ന വെല്ലുവിളി നേരിടേണ്ടതുണ്ട്. താഴേതട്ടിൽ പാർട്ടി സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം