തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യം. ജലസംഭരണികൾ തുറന്നതോടെ ചെന്നൈയും സമീപ ജില്ലകളും ജാഗ്രതയിൽ.
ചെന്നൈ: മന്നാർ കടലിടുക്കിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം കാരണം തെക്കേ ഇന്ത്യയിൽ ഡിസംബർ 16 വരെ മഴ മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണ്. ജലസംഭരണികൾ തുറന്നതോടെ ജാഗ്രതയിലാണ് ചെന്നൈയും സമീപ ജില്ലകളും.
തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുച്ചേരി തുടങ്ങി നിരവധി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ നൂറോളം സ്ഥലങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞു. കൊടൈക്കനാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴ കാരണം വിജനമാണ്. ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് 1000 ക്യുസെക്സ് വെള്ളവും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്സും തുറന്നുവിടുകയാണ്.
തിരുപ്പൂർ, പെരമ്പലൂർ, അരിയല്ലൂർ, ഡിണ്ടിഗൽ, മധുരൈ, സേലം, കടലൂർ, പുതുക്കോട്ടൈ, മയിലാടുതുറൈ, വിരുദുനഗർ, കരൂർ, രാമനാഥപുരം, ശിവഗംഗ, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, ട്രിച്ചി, തഞ്ചാവൂർ, പുതുച്ചേരി, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി. പുതുച്ചേരിയിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. അതേസമയം തിരുവള്ളൂരിലും ചെന്നൈയിലും സ്‌കൂളുകളും കോളേജുകളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. എന്നാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ പ്രധാനാധ്യാപകർക്ക് അവധി പ്രഖ്യാപിക്കാമെന്ന് കലക്ടർ പറഞ്ഞു.
undefined
കേരളത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അവധി, വ്യാപക നാശനഷ്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം