തര്‍ക്കം രൂക്ഷമായതോടെ അതിർത്തിയുടെ ഇരുവശത്തുമുള്ള പൊലീസ് ഇരു ഗ്രാമങ്ങളിലെയും ആളുകളുമായി ചർച്ച നടത്തി
ബെല്ലാരി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ട നാൽക്കാലിയുടെ ഉടമസ്ഥാവകാശത്തേ ചൊല്ലിയുള്ള തർക്കത്തിൽ ഒടുവിൽ പരിഹാരം കണ്ട് പൊലീസ്. ഡിഎൻഎ പരിശോധന നടത്താതെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള ബൊമ്മനഹൽ, മേദെഹാൾ ഗ്രാമങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക പൊലീസിന് കഴിഞ്ഞു.
തര്‍ക്കം രൂക്ഷമായതോടെ അതിർത്തിയുടെ ഇരുവശത്തുമുള്ള പൊലീസ് ഇരു ഗ്രാമങ്ങളിലെയും ആളുകളുമായി ചർച്ച നടത്തുകയും കർണാടക അതിർത്തിയിലെ ഗ്രാമവാസികൾക്ക് പോത്തിനെ കൈമാറി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗ്രാമവാസികൾ പൊലീസിന്‍റെ തീരുമാനം അംഗീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.
ആന്ധ്ര പ്രദേശിനും കർണാടകയ്ക്കും ഇടയിലാണ് പോത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കുണ്ടായത്. കർണാടകയിലെ ബെല്ലാരിയിലും ആന്ധ്ര പ്രദേശിലെ മെത്താഹാൾ ഗ്രാമത്തിലുമുള്ള കർഷകർക്കിടയിലാണ് പ്രശ്നം ആരംഭിച്ചത്. പോത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന വേണമെന്നാണ് കർഷക കുടുംബങ്ങൾ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി.
അഞ്ച് വയസ് പ്രായമുള്ള പോത്താണ് ഉടമസ്ഥാവകാശത്തേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നത്. ബെല്ലാരിയിലെ ബൊമ്മനഹാളിൽ ഉത്സവത്തിന് ഭാഗമായി ബലി നൽകാനായി വളർത്തിയിരുന്ന പോത്തിനെ ഉത്സവം അടുക്കാറായതോടെ ഗ്രാമത്തിൽ സ്വൈര്യ വിഹാരത്തിന് വിട്ടിരുന്നു. പോത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും നാട്ടുകാർ നൽകി വരികയായിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ആഴ്ചയിൽ പോത്തിനെ കാണാതെ പോവുകയായിരുന്നു. ഇതിനെ സമീപഗ്രാമമാണെങ്കിലും അയൽ സംസ്ഥാനത്തെ മെത്താഹാളിലാണ് കണ്ടെത്തിയത്. ബൊമ്മനഹാളിൽ നിന്ന് പോത്തിനെ തെരഞ്ഞെത്തിയവർ പോത്തിനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചതോടെയാണ് മെത്താഹാളി ഗ്രാമത്തിലുള്ളവർ പ്രതിഷേധവുമായി എത്തി. വാക്കേറ്റം സംഘർഷത്തിലേക്ക് എത്തുകയും ഇരുഭാഗത്തും നിരവധിപ്പേർക്ക് സാരമായി പരിക്ക് പറ്റുകയും ചെയ്തു.
സംഘർഷത്തിനൊടുവിൽ മെത്താഹാളിക്കാർ പോത്തിനെ ഗ്രാമത്തിൽ കെട്ടിയിടുകയായിരുന്നു. ബെല്ലാരി സ്വദേശികളുടെ വാദം ഇവർ അംഗീകരിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് സംഭവം പൊലീസ് സ്റ്റേഷനിലെത്തിയത്. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന സക്കമ്മ ദേവി ഉത്സവത്തിന് ബലി നൽകാനായി വളർത്തിയ പോത്തിനെ അടുത്തിടെയാണ് കെട്ടഴിച്ച് വിട്ടത്.