കൊടുംചൂടിൽ ഉത്തർപ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേർ ചികിത്സയിൽ

By Web Team  |  First Published Jun 18, 2023, 12:39 PM IST

പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്


ദില്ലി: കടുത്ത ചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂൺ 15 ന് 23 പേരും ജൂൺ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ലഖ്‌നൗവിൽ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ബിഹാറിൽ പാറ്റ്നയിൽ 35 പേരടക്കം 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പാറ്റ്നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയർന്ന ചൂടാണ് ഉത്തർപ്രദേശിൽ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം.

Latest Videos

undefined

Read More: കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും മൂലം മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്. കാലവർഷം ശക്തമായതിനെ തുടർന്നാണ് ദുരിതം ഉണ്ടായിരിക്കുന്നത്. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായെന്നാണ് റിപ്പോർട്ട്. അസമിലെ 146 ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

സിക്കിമിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി. സിക്കിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. മേഖലയിൽ വിനോദ സഞ്ചാരത്തിനെത്തിയ 2100  ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി. എന്നാൽ 300 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് 37,000 പേർ പ്രതിസന്ധിയിലാണെന്നാണ് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Read More: കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; പനിക്കിടക്കയിൽ കേരളം, ഡെങ്കി - എലിപ്പനി ബാധ വ്യാപകം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

click me!