'ഇക്കാര്യം ചോദിക്കാനാണ് പ്രധാനാധ്യാപകന്റെ അടുത്തെത്തിയത്. പക്ഷേ അദ്ദേഹം ഗൗനിച്ചില്ല. പകരം എന്നെ ഭയപ്പെടുത്താനായി റിവോൾവർ മേശപ്പുറത്ത് വെച്ചു'.
കാൺപൂർ: ഉത്തർപ്രദേശിലെ കന്നൗജിലെ പ്രൈമറി സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ സഹ അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രധാനാധ്യാപകൻ അപ്രതീക്ഷിതമായി തോക്കെടുത്തപ്പോൾ തന്നെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിലെത്തിക്കേണ്ടി വന്നെന്നും അധ്യാപകൻ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകൻ മെഡിക്കൽ അവധിയായ സമയത്ത് പ്രധാനാധ്യാപകൻ ഹാജരായില്ല എന്ന് രേഖപ്പെടുത്തിയതാണ് തർക്കത്തിന് തുടക്കം. സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിടുമെന്നും മേഖലയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) പറഞ്ഞു. ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള ഷാജഹാൻപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.
തിങ്കളാഴ്‌ച, പ്രധാനാധ്യാപകൻ ആശിഷ് രാജ്പുത്തും അസിസ്റ്റന്റ് ടീച്ചർ വിഷ്ണു ചതുർവേദിയും തമ്മിൽ തർക്കമുണ്ടായി. അദ്ദേഹം മെഡിക്കൽ അവധിയിലായിരുന്നിട്ടും ഹാജരാകാത്തതായി അടയാളപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. തുടർന്ന് പ്രധാനാധ്യാപകൻ തോക്കെടുത്തു. ഇതുകണ്ട് ഭയന്ന അധ്യാപകന്റെ ആരോഗ്യ നില വഷളായി. സ്‌കൂളിലെ മറ്റ് അധ്യാപകരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയിൽ പറയുന്നു.
undefined
ശനിയാഴ്ച മെഡിക്കൽ അവധി എടുത്തിരുന്നതായി ചതുർവേദി പറഞ്ഞു. ബിഇഒയാണ് അവധി അംഗീകരിച്ചത്. ഇതിന് ശേഷവും പ്രധാനാധ്യാപകൻ ഹാജർ രജിസ്റ്ററിൽ എന്നെ ഇല്ലെന്ന് രേഖപ്പെടുത്തി. ഇക്കാര്യം ചോദിക്കാനാണ് പ്രധാനാധ്യാപകന്റെ അടുത്തെത്തിയത്. പക്ഷേ അദ്ദേഹം ഗൗനിച്ചില്ല. പകരം എന്നെ ഭയപ്പെടുത്താനായി റിവോൾവർ മേശപ്പുറത്ത് വെച്ചു. എന്നിൽ ഭയമുണ്ടാക്കുകയും എന്റെ അസുഖം മൂർച്ഛിക്കുകയും ചെയ്തു. മറ്റ് ടീച്ചർമാരാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു. അധ്യാപികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ ബിഇഒ ആശുപത്രിയിലെത്തി. അധ്യാപകന് താൻ അവധി അനുവദിച്ചിരുന്നതായും അവധി റദ്ദാക്കാനോ തിരുത്താനോ പ്രധാനാധ്യാപകന് അധികാരമില്ലെന്നും ബിഇഒ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണം പൂർത്തിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി.