'ഹർ ഘർ തിരംഗ' ആഹ്വാനം ഏറ്റെടുത്ത് രാജ്യം, വജ്ര ജൂബിലി ആഘോഷത്തിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രിമാർ

By Web Team  |  First Published Aug 13, 2022, 1:54 PM IST

വീടുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലും പാറിപ്പറന്ന് ത്രിവർണ പതാക, പ്രചാരണം ഏറ്റെടുത്ത് ബിജെപി നേതാക്കൾ


ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണത്തിന് തുടക്കം. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.

സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്.

Latest Videos

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയെന്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പതാകയേന്തിയുള്ള മാർച്ചില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളും പ്രചാരണത്തിന്‍റെ ഭാഗമായി.  ദില്ലിയിലും രാജ്യ അതിര്‍ത്തികളിലും വിവിധ സേനകളും  ദേശീയ പതാക ഉയര്‍ത്തി പ്രചാരണത്തില്‍ പങ്കു ചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പ്രചാരണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ദേശീയ പതാകയേന്തിയുള്ള ബൈക്ക് റാലികളും പലയിടങ്ങളിലും സംഘടിപ്പിച്ചു.

ഹർ ഘർ തിരംഗ: സംസ്ഥാനത്ത് വിവാദം, വിമ‌ർശനവുമായി കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി. മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയർത്തി. അതേസമയം 'ഹർ ഘർ തിരംഗ' പരിപാടി കേരളത്തിൽ അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്കരിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയർത്തുന്ന പരിപാടി നടപ്പിലാക്കാൻ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ വേണ്ടത്ര പതാക വിതരണം ചെയ്തില്ല. 90 ശതമാനം സ്കൂളുകളിലും പതാക എത്തിച്ചില്ല. കുട്ടികളിൽ നിന്ന് പണം വാങ്ങിയിട്ടും പതാക നൽകിയില്ല. ഇത് ആസൂത്രിതമാണ്. കേരളത്തിൽ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രം ഒടുവില്‍ ദേശീയപതാകയാക്കി ആര്‍എസ്എസും

സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഒടുവില്‍ ദേശീയപതാകയാക്കി ആര്‍എസ്എസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടു മുതല്‍ മുഖചിത്രം മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോട് ആര്‍എസ്എസ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആര്‍എസ്എസ് നിലപാട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പരിഹാസമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ മന്‍ കി ബാത്തിലാണ് സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം എല്ലാവരും ആഗസ്റ്റ് 15വരെ ദേശീയ പതാകയാക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും മുഖചിത്രം മാറ്റി. സമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ഇതിനുണ്ടായത്. ജവഹര്‍ലാല്‍ നെഹ്റു പതാകയുമായി നില്‍ക്കുന്ന ചിത്രമിട്ട് കോണ്‍ഗ്രസും പ്രചാരണത്തിന്‍റെ ഭാഗമായി. 

click me!