വൈദ്യുതി ബില്ലിലെ അമ്പരപ്പിക്കുന്ന തുക കണ്ട് ഞെട്ടിയ ഉപയോക്താവ് ഉടൻ തന്നെ അധികൃതരെ സമീപിച്ചു.
ഷിംല: അമ്പരപ്പിക്കുന്ന തുക വൈദ്യുതി ബില്ലായി വന്നത് കണ്ട് ഞെട്ടി ഉപയോക്താവ്. ഹിമാചൽ പ്രദേശിലെ ഹമിർപൂർ നിവാസിയായ ലളിത് ധിമാൻ എന്ന ചെറുകിട വ്യവസായിയ്ക്കാണ് കോടികളുടെ വൈദ്യുതി ബില്ല് വന്നത്. ചെറിയ തോതിലുള്ള കോൺക്രീറ്റ് ബിസിനസ്സ് നടത്തിവരികയായിരുന്ന ലളിത് ധിമാന് വൈദ്യുതി ബില്ലായി ലഭിച്ചത് 2,10,42,08,405 രൂപ(210 കോടി)യാണ്.
വൈദ്യുതി ബില്ലിലെ അമ്പരപ്പിക്കുന്ന തുക കണ്ട് ഞെട്ടിയ ലളിത് ധിമാൻ ഉടൻ തന്നെ അധികൃതരെ സമീപിച്ചു. അന്വേഷണത്തിൽ സാങ്കേതിക പിഴവ് മൂലമാണ് ഇത്രയും ഭീമമായ തുക ബില്ലായി വന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വൈകാതെ തന്നെ വൈദ്യുതി വകുപ്പ് പിഴവ് പരിഹരിക്കുകയും ശരിയായ ബില്ല് ധിമാന് നൽകുകയും ചെയ്തു. 4,047 രൂപ മാത്രമാണ് ധിമാന് അടയ്ക്കേണ്ടിയിരുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി സബ് ഡിവിഷണൽ ഓഫീസറെ (എസ്ഡിഒ) ഹാമിർപൂർ സോണിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വിളിച്ചുവരുത്തി. വെരിഫിക്കേഷന്റെ ഭാഗമായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. സിസ്റ്റത്തിൽ തെറ്റായ മീറ്റർ റീഡിംഗ് രേഖപ്പെടുത്തിയതാണ് അപാകതയ്ക്ക് കാരണമെന്ന് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ പിന്നീട് വിശദീകരിച്ചു. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഭാവിയിൽ ഇത്തരം പിഴവുകൾ തടയുമെന്ന് ഉറപ്പാക്കാൻ എസ്ഡിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.