ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താൻ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഭുവനേശ്വര്‍: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 4.10 ന് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണുകൾ ചുറ്റിക്കറങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താൻ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം കാര്യമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. "ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നത് നിയമവിരുദ്ധവും അസ്വീകാര്യവുമാണ്. ഈ സുരക്ഷാ ലംഘനത്തിന് ഉത്തരവാദികളായ വ്യക്തിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും" - അദ്ദേഹം വ്യക്തമാക്കി. പുരി എസ്പി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട ആളെ തിരിച്ചറിഞ്ഞ് ഡ്രോൺ പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ സംഭവങ്ങൾ തടയാൻ ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള നാല് കാവൽ ഗോപുരങ്ങളിൽ രാപകൽ നേരം ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഏതെങ്കിലും വ്ലോഗർമാര്‍ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയതാകാമെന്നാണ് സംശയിക്കുന്നത്.