ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പ്രചാരണ രംഗത്ത് പുറകിലായ കോൺഗ്രസ് അവസാന ലാപ്പിൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പ്രചാരണ രംഗത്ത് പുറകിലായ കോൺഗ്രസ് അവസാന ലാപ്പിൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് വിഷയങ്ങൾ മാറിമറിഞ്ഞ പ്രചാരണ കാലം അവസാന ലാപ്പിലേക്കെത്തുമ്പോൾ ഇതുവരെ നടന്നതെന്തെല്ലാം എന്ന് പരിശോധിക്കാം.
കോൺഗ്രസ് എവിടെ?
undefined
കഴിഞ്ഞ 27 വർഷവും അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടെങ്കിലും ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യ എതിരാളി കോൺഗ്രസായിരുന്നു. കഴിഞ്ഞ തവണ തോൽവിയിലും തല ഉയർത്തി നിൽക്കാൻ പാർട്ടിക്കായി. പക്ഷെ ഇത്തവണ പ്രചാരണ രംഗം നിരീക്ഷിച്ചാൽ ആ പോരാട്ടവീര്യം കോൺഗ്രസുകാർക്കുണ്ടോ എന്ന് സംശയം തോന്നും. പ്രചാരണ രംഗത്ത് കോൺഗ്രസിന്‍റെ സ്ഥാനം ആംആദ്മിക്കാണെന്ന് പറഞ്ഞാൽ പോലും തെറ്റില്ല.
മോദിയും അമിത് ഷായും മുതൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വരെ എത്തിച്ച് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നു.
കാർപ്പറ്റ് ബോംബിങ്ങെന്ന പേരിൽ ഒരേ സമയം ഒരുപാട് മണ്ഡലങ്ങളിൽ വമ്പൻ റാലി നടത്തുന്നതും ബിജെപി എതിരാളികൾക്ക് കാണിച്ച് കൊടുത്തു. അരവിന്ദ് കെജരിവാളും ഭഗവന്ദ് മനും അടക്കം നേതാക്കൾ ആംആദ്മിക്ക് വേണ്ടിയും സംസ്ഥാനം ഇളക്കി മറിച്ച് പ്രചാരണം നടത്തുന്നു. ഈ കോലാഹലങ്ങൾക്കിടെ കോൺഗ്രസ് എവിടെയെന്ന ചോദ്യം ഉയർന്നു.വമ്പൻ റാലികളോ ദേശീയ നേതാക്കളുടെ സാനിധ്യമോ ഇല്ലെങ്കിലും വീടുവീടാന്തരം കയറിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്നായിരുന്നു നേതൃത്വത്തിന്‍റെ ന്യായീകരണം. കാത്തിരിപ്പിനൊടുവിൽ ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തി. ശേഷിക്കുന്നത് രണ്ടാഴ്ചപോലുമില്ലെങ്കിലും ഇനിയങ്ങോട്ട് പിടിച്ച് കയറുമെന്നാണ് കോൺഗ്രസ് ക്യാമ്പ് പറയുന്നത്.
താരങ്ങളിൽ തരൂരില്ല
40- ലേറെ താര പ്രചാരകൾ കോൺഗ്രസിനുണ്ട്. പ്രധാനപ്പെട്ട നേതാക്കളെല്ലാവരുമുണ്ട്. ഒരാളൊഴികെ.ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശിതരൂർ. തരൂരിനെ പാർട്ടി വേണ്ടെന്ന് വച്ചതല്ലെന്നും മുൻപും തെരഞ്ഞെടുപ്പുകളിൽ തരൂരിനെ താരപ്രചാരകൻ ആക്കാതിരുന്നിട്ടുണ്ടെന്നുമാണ് നേതൃത്വം പറയുന്നത്. എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തരൂർ ഇല്ലാത്തത് അസ്വാഭാവിക നടപടി തന്നെയാണ്.
ആപ്പ് ബി ടീമോ? എ ടീമോ?
പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ ബിജെപിയും ആംആദ്മിയും തമ്മിലായിരുന്നു നേർക്കുനേർ. പ്രചാരണ വേദികളിൽ നേതാക്കുടെ വാക്പോര്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് ആപ്പ് വോട്ട് തേടിയതോടെ ബിജെപി വെട്ടിലായി.ബിജെപിയുടെ അക്കൗണ്ടിൽ വരേണ്ട വോട്ടുകളും ആപ്പിന് പോവുമോ എന്ന പേടി പാർട്ടിക്കുണ്ട്. അയോധ്യയിലേക്കുള്ള സൗജന്യയാത്ര ആംആദ്മിയുടെ വാഗ്ദാനമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ അരവിന്ദ് കെജരിവാളിന്‍റെ പ്രസംഗങ്ങളും പ്രസ്താവനകളും ഈ മട്ടിൽ തന്നെയാണ് . കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്നു പറഞ്ഞതും ഗുജറാത്ത് മുന്നിൽ കണ്ട് തന്നെ.
അതായത് പരമ്പരാഗതമായി ബിജെപി നേതാക്കൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഗുജറാത്തിൽ ആംആദ്മി പാർട്ടി പ്രയോഗിക്കുകയാണ്. ദേവ ഭൂമി ദ്വാരകയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമ്പോഴും ഈ ലക്ഷ്യമാണ് കെജരിവാളിന്‍റെ മനസിൽ. ചുരുക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കാനെത്തിയവരെന്ന പഴികേൾക്കുന്ന ആപ്പിന് അതിനുമപ്പുറം വലിയ ലക്ഷ്യങ്ങളുണ്ട്. നഗര വോട്ടുകൾ ആംആദ്മിക്ക് കൂടുതലായി കിട്ടുന്നതാണ് ചരിത്രം. ഗുജറാത്തിൽ ബിജെപിയുടെ വലിയ കോട്ടകളാണ് നഗര മണ്ഡലങ്ങൾ.കഴിഞ്ഞ തവണ 73ൽ 55ഉം ബിജെപിക്കൊപ്പം നിന്നു. ഈ കോട്ടകളിൽ വിള്ളലുണ്ടാവുമോ എന്ന പേടി ബിജെപിക്കുണ്ട്. ഫലം വരുമ്പോൾ എന്താവുമെന്ന് അറിയാം.
അവസാന ലാപ്പിലെ കോൺഗ്രസ്
വിഷയങ്ങൾ മാറി മറിഞ്ഞൊരു പ്രചാരണകാലമാണ് കടന്ന് പോവുന്നത്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഭൂപേന്ദ്ര പട്ടേൽ സർക്കാർ നടത്തി.ഏകസിവിൽ കോഡ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാവുമെന്ന് കരുതി. ഒരുക്കളെല്ലാം ഭംഗിയാക്കി തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് കടക്കവേയാണ് മോർബിയിൽ തൂക്കുപാലം ദുരന്തമുണ്ടാവുന്നത്. അഴിമതിക്കഥകൾ പുറത്ത് വന്നതോടെ ബിജെപി പ്രതിസന്ധിയിലായി. കോൺഗ്രസും ആംആദ്മിയും പ്രചാരണ വേദികളിലെല്ലാം ബിജെപിക്കെതിരെ ആഞ്ഞടിച്ചു. വിഷയങ്ങൾ പിന്നെയും മാറി. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേശ് ചന്ദ്രശേഖറിന്‍റെ വെളിപ്പെടുത്തൽ ആപ്പിനെ കരുക്കി.
പക്ഷെ അത് ഗുജറാത്തിൽ ചർച്ചയാവാതിരിക്കാൻ പ്രചാരണ വേദികളിൽ കെജരിവാൾ മൗനം പാലിച്ചു. ആംആദ്മിയുമായുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസിനെതിരെ ബിജെപി തിരിയുന്നത് അവസാനലാപ്പിൽ മോദിയുടെ റാലികളിലാണ്. കോൺഗ്രസ് വികസന വിരോധികളെന്ന് മോദി ആരോപിച്ചു. നർമ്മദാ നദിയിൽ അണക്കെട്ട് ഉണ്ടാക്കുന്നതിനെതിരെ സമരം ചെയ്ത മേധാ പട്കർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഗുജറാത്തിനെ അപമാനിക്കലാണ് ഇതെന്ന് മോദി മുതൽ ബിജെപി നേതാക്കളെല്ലാം ആരോപിക്കുന്നു. അവസാനലാപ്പിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ കൂട്ടത്തോടെ എത്തിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങുന്ന കോൺഗ്രസ് ഈ നേർക്കുനേർ ആരോപണങ്ങൾ നല്ലതെന്ന് കണക്ക് കൂട്ടുന്നുണ്ടാവും.
ഉത്തരങ്ങൾ അറിയാം ഫലമെണ്ണിയാൽ
കോൺഗ്രസുമായി അകന്ന പട്ടേൽ സമുദായം ഇത്തവണ ആരെ തുണയ്ക്കും? ആപ്പ് പിടിക്കുന്ന വോട്ടുകൾ ആർക്ക് തലവേദനയാവും? ഭരണവിരുധ വികാരം ഗുജറാത്തിലുണ്ടോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഡിസംബർ 8ന് ഫലമെണ്ണിയാൽ അറിയാനാവുക. അവസാന ലാപ്പിൽ ഇനിയും വലിയ നീക്കങ്ങൾ പ്രതീക്ഷിക്കാം