റോഡരികിൽ ഇരിക്കുകയായിരുന്നവർക്ക് നേരെ പിക്കപ്പ് പാ‌ഞ്ഞുകയറി നാല് മരണം; ദാരുണ അപകടം യുപിയിൽ, 5 പേർക്ക് പരിക്ക്

By Web Team  |  First Published Sep 16, 2024, 7:19 PM IST

പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


ലക്നൗ: അമിത വേഗത്തിലെത്തിയ പിക്കപ്പ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉത്ത‍ർപ്രദേശിലെ സാംഭാലിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും മരണപ്പെട്ടവരുമെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ ചികിത്സക്കായി അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ ആറ് മണിക്കാണ് അപകടം സംഭവിച്ചത്. ഭോപത്പൂർ എന്ന പ്രദേശത്ത് ഒരു കൂട്ടം ഗ്രാമീണർ റോഡരികിൽ ഇരിക്കുന്നതിനിടെ പിക്കപ്പ് വാഹനം ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് സൂപ്രണ്ട് അറിയിച്ചത്. വാഹനം അമിത വേഗത്തിലായിരുന്നു. 60 വയസുകാരൻ ഉൾപ്പെടെ നാല് പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.

Latest Videos

പരിക്കേറ്റവരെ രാജ്പുര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഗുരുതര പരിക്കുള്ളവരെ പിന്നീട് അലിഗഡിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ മൃതദേങ്ങൾ പോസ്റ്റ്‍മോർട്ടം പരിശോധനയ്ക്ക് അയച്ചതായും പൊലീസ് സൂപ്രണ്ട് പറ‌ഞ്ഞ‌ു. ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!