മൃതദേഹങ്ങളൊഴിയാതെ ശ്മശാനങ്ങൾ; 24 മണിക്കൂറും ജോലി ചെയ്യുന്നുവെന്ന് തൊഴിലാളി; മുംബൈയിൽ ദുരിതം വിതച്ച് കൊവിഡ്

By Web Team  |  First Published May 1, 2021, 12:16 PM IST

 കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 


മുംബൈ: ''എനിക്കിപ്പോൾ കൊറോണയെ ഭയമില്ല. ധൈര്യത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ധൈര്യമാണ് എല്ലാം, ഭയമല്ല.'' മുംബൈയിലെ ശ്മശാനം തൊഴിലാളിയായ സയ്യിദ് മുനീർ കമറുദ്ദീന്റെ വാക്കുകളാണിത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതക്കാഴ്ചകളെക്കുറിച്ചാണ് സയ്യിദിന്റെ ഈ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. താനിപ്പോൾ സുരക്ഷാ വസ്ത്രങ്ങളോ ​ഗ്ലൗസോ ധരിക്കാറില്ലെന്നും അമ്പത്തിരണ്ടുകാരനായ സയ്യിദ് പറയുന്നു. കഴിഞ്ഞ 25 വർഷങ്ങളായി മുംബൈയിൽ ശ്മശാനത്തിലെ ശവക്കുഴി കുഴിക്കുന്ന ജോലി ചെയ്യുകയാണ് സയ്യിദ് മുനീർ കമറുദ്ദീൻ. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൊവിഡിന്റെ രണ്ടാം വരവിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോ​ഗികളെക്കൊണ്ട് ആരോ​ഗ്യ മേഖലയും കൊവിഡ് ബാധ മൂലം മരിച്ചവരാൽ  ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞു. താത്ക്കാലിക ശ്മശാനങ്ങളിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരെ അടക്കം ചെയ്യാൻ 24 മണിക്കൂറും തനിക്കും സഹപ്രവർക്കും ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് സയ്യിദ് പറഞ്ഞു. 

Latest Videos

undefined

ഞങ്ങൾ ഒരേയൊരു ജോലി മാത്രമേയുള്ളൂ. മൃതദേഹങ്ങൾ ആംബുലൻസിൽ നിന്ന് പുറത്തിറക്കുക. ശേഷം കുഴിച്ചുമൂടുക. ഒരു വർഷമായി അവധി ലഭിച്ചിട്ടില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിലും നോമ്പെടുക്കാതെ താൻ ജോലി ചെയ്യുകയാണെന്നും സയ്യിദ് പറഞ്ഞു. ''വളരെ അധ്വാനം വേണ്ടി വരുന്ന ജോലിയാണ് എന്റേത്. വെള്ളം കുടിക്കാൻ ദാഹം തോന്നും. മൃതദേഹങ്ങൾ എടുത്തുകൊണ്ട് വന്ന് കുഴിയിലിട്ട് മണ്ണിട്ട് മൂടണം. ഇത്തരം ശ്രമകരമായ ജോലിക്കിടയിൽ എനിക്കെങ്ങനെയാണ് നോമ്പെടുക്കാൻ സാധിക്കുക? അതേ സമയം തന്റെ ജോലിക്ക് സർക്കാരിൽ നിന്ന് പ്രത്യക അം​ഗീകാരമോ പ്രതിഫലമോ ഇദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ''മോസ്കിലുള്ള വിശ്വാസം വളരെ ശക്തമാണ്.  സർക്കാർ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒന്നും നൽകാൻ പോകുന്നില്ല. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഒന്നും ആവശ്യമില്ല.'' സയ്യിദ് പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!