മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം; ദില്ലിയിലെ ബുറാഡിയില്‍ കര്‍ഷക മാര്‍ച്ചിന് അനുമതി, ബാരിക്കേഡുകള്‍ നീക്കം ചെയ്തു

By Web Team  |  First Published Nov 27, 2020, 3:09 PM IST

വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. 
 


ദില്ലി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ചിന് അനുമതി ലഭിച്ചിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. കർഷക സംഘടകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ദില്ലി പൊലീസ് പി ആർ ഒ ഇഷൽ സിംഗ്ല ഐപിഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അമ്പാലയ്ക്ക് അടുത്തുള്ള ഹരിയാന പഞ്ചാബ് അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ പൊലീസ് നീക്കം ചെയ്തു. ആരെയും തടയില്ലെന്നും യാത്ര അനുവദിക്കുമെന്നും അമ്പാല എസ്‍പി രാജേഷ് പറഞ്ഞു. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ തടഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബാരിക്കേഡുകളെയും ലാത്തിച്ചാർജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടിൽ പതിനായിരക്കണക്കിന് കർഷകർ ഉറച്ചുനിന്നു. അതിർത്തിയിൽ പൊലീസിന് നേരെയും പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് മാര്‍ച്ചിന് അനുമതി നല്‍കിയത്. 

Latest Videos

click me!