ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍മുഖ്യമന്ത്രി തൃണമൂലില്‍

By Web Team  |  First Published Sep 29, 2021, 6:48 PM IST

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നത്. അഭിഷേക് ബാനര്‍ജിയില്‍ നിന്ന് അദ്ദേഹം പാര്‍ട്ടി പതാക ഏറ്റുവാങ്ങി.
 


പനാജി: പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെ ഗോവയിലും കോണ്‍ഗ്രസിന് (Congress) തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലൂസിഞ്ഞോ ഫലേരിയോ (Luizinho Faleiro) പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ (TMC)ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ (Mamata Banerjee) സാന്നിധ്യത്തിലാണ് ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നത്. അഭിഷേക് ബാനര്‍ജിയില്‍ (Abhishek Banerjee) നിന്ന് അദ്ദേഹം പാര്‍ട്ടി പതാക ഏറ്റുവാങ്ങി. 


''താന്‍ ഇപ്പോഴും കോണ്‍ഗ്രസ് കുടുംബത്തില്‍ തന്നെയാണെന്നും എല്ലാവരെയും യോജിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസുകാരനായാണ് ജീവിച്ചത്. ഇപ്പോഴും അതേ തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ ആശയങ്ങളാണ്. ടിഎംസി കോണ്‍ഗ്രസ് കുടുംബമാണ്. ശരദ് പവാര്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇന്ദിര കോണ്‍ഗ്രസ് എല്ലാവരും ഒരേ കുടുംബമാണ്. ഇവരെയെല്ലാം യോജിപ്പിക്കാനാണ് തന്റെ ശ്രമം. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും ഒരുമിക്കേണ്ട സമയമാണിതെന്ന് തോന്നുന്നു. ദീദിയെന്ന് സ്‌നേഹിത്തോടെ വിളിക്കുന്നവര്‍ രാജ്യത്തെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.

Latest Videos

ബിജെപിയെയും അവരുടെ വിഭജന രാഷ്ട്രീയത്തെയും എതിരിട്ട ഒരേയൊരു നേതാവാണ് ഫലേരിയയെന്ന് മമതാ ബാനര്‍ജി പറഞ്ഞു. 40 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ശേഷമാണ് ഫലേരിയോ കോണ്‍ഗ്രസ് വിടുന്നത്. പാര്‍ട്ടി തകര്‍ന്നെന്നും ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ താന്‍ വിമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.  

click me!