മാതാപിതാക്കള്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ കുട്ടി, ഷോറൂമിലെ കൂറ്റന്‍ ചില്ല് വാതിലില്‍ പിടിച്ച് കളിക്കുകയായിരുന്നു
ലുധിയാന: ടെക്സ്റ്റൈല്‍സിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നുവീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുട്ടി ഗ്ലാസ് ഡോറില്‍ പിടിച്ചു കളിക്കുന്നതിനിടെ അത് തകര്‍ന്നു വീഴുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്.
മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി കടയിലെത്തിയത്. അവര്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ കുട്ടി, ഷോറൂമിലെ കൂറ്റന്‍ ചില്ല് വാതിലിന്‍റെ പിടിയില്‍ പിടിച്ച് കളിക്കുകയായിരുന്നു. വസ്ത്രവില്‍പ്പന ശാലയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നിടത്താണ് ഈ ഗ്ലാസ് ഡോറുള്ളത്. കളിക്കുന്നതിനിടെ വാതില്‍ പൂര്‍ണമായി തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആ സമയത്ത് കുട്ടിയുടെ സമീപത്ത് ആരുമുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ട് കടയിലുണ്ടായിരുന്നവര്‍ ഓടിക്കൂടി.
കുഞ്ഞിന്‍റെ ദേഹത്തു നിന്ന് വാതില്‍ മാറ്റിയ ശേഷം ഉടന്‍ തന്നെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നല്ല ഭാരമുള്ള വാതിലാണ് കുട്ടിയുടെ ദേഹത്തു വീണത്. തുടര്‍ന്നുണ്ടായ പരിക്കാണ് മരണ കാരണം. സംഭവത്തിന്‍റെ വേദനിപ്പിക്കുന്ന സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കള്‍ ഷോപ്പിംഗില്‍ മുഴുകുമ്പോള്‍ കുട്ടികളുടെ മേല്‍ ഒരു കണ്ണ് വേണമെന്ന് ചിലര്‍ പ്രതികരിച്ചു. അതേസമയം കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കേണ്ടത് ടെക്സ്റ്റൈല്‍സ് ഉടമയുടെ കടമയാണെന്നാണ് മറ്റൊരു പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം