'മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ചായസത്കാര ക്ഷണങ്ങൾ നിരസിച്ചിരുന്നു. പക്ഷേ അതിന്റെ വിരോധം അദ്ദേഹം കാണിച്ചിട്ടില്ല'.
ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. ബിജെപിയുടെ ഇന്നത്തെ വളർച്ചക്ക് കാരണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപിയുടെ നയങ്ങൾ ഒരിക്കലും മുസ്ലിങ്ങളെയോ ന്യൂനപക്ഷങ്ങളെയോ സഹായിക്കുന്നവയല്ല. പക്ഷേ സഹായിക്കുകയാണ് എന്ന പ്രതീതി അവർ ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസ് നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയാണെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഡയലോഗ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ ലക്ഷക്കണക്കിനാളുകൾ രാജ്യത്തുടനീളം ജയിലിൽ പോയി. എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ല. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ചില നല്ല ഗുണങ്ങളുണ്ട്. മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ചായസത്കാര ക്ഷണങ്ങൾ നിരസിച്ചിരുന്നു. പക്ഷേ അതിന്റെ വിരോധം അദ്ദേഹം കാണിച്ചിട്ടില്ല, നരേന്ദ്ര മോദിയുടെ നയങ്ങളോട് യോജിക്കാനാവില്ലന്നും പക്ഷേ പ്രധാനമന്ത്രി കാട്ടിയ മര്യാദ പ്രശംസനീയമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
യുവനേതാക്കളെ കോണ്‍ഗ്രസ് പാർട്ടിക്ക് നഷ്ടമാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അനിൽ ആന്റണി കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർപിഎൻ സിങ്, ഹാർദിക് പട്ടേൽ... അങ്ങനെ നിരവധി യുവനേതാക്കളാണ് പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിക്ക് നേതൃത്വപാടവം ഇല്ലാത്തതുകൊണ്ടാണ് യുവനേതാക്കൾ കൊഴിഞ്ഞുപോകുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം വന്നാൽ നല്ലതാണ്. 'കോൺഗ്രസിന്റെ വീഴ്ച ഒരുപാട് നേരത്തേ തുടങ്ങിയാണ്. വലിയ നേതാക്കളുള്ളപ്പോൾ അത് പിടിച്ചുനിർത്താനായി. നേതാക്കൾ ദുർബലരായപ്പോൾ വീഴ്ച പൂർണ്ണമായി. ഒരു ദിവസംകൊണ്ടോ ഒരു വർഷം കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇല്ലാതാകില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Read More : മുഖ്യമന്ത്രി അടുത്ത മാസം യുഎഇയിലേക്ക്; മന്ത്രിമാരായ രാജീവും റിയാസും സംഘത്തിൽ