ഗ്യാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും അല്ലാതെ മറ്റ് ചില സാധനങ്ങളും സംശയകരമായ സാഹചര്യത്തിൽ സ്ഥലത്തു നിന്ന് പൊലീസും മറ്റ് ഏജൻസികളും കണ്ടെത്തിയിട്ടുണ്ട്.
ലക്നൗ: കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമത്തില്‍ അടിമുടി ദുരൂഹത. എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചായിരുന്നു ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും കാണ്‍പൂരിലേക്ക് തിരിച്ചു
ആയിരത്തിലേറെ പേർ യാത്ര ചെയ്യുന്ന കാളിന്ദി ഏക്സ്പ്രസ്, പ്രയാഗ്‍രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെയാണ് അട്ടിമറി ശ്രമം നടന്നത്. പുലർച്ചെയോടയാണ് സംഭവം നടക്കുന്നത്. യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാൽ ട്രെയിന്‍ നിൽക്കാതെ സിലിണ്ടറില്‍ ഇടിച്ചു. പിന്നാലെ പതിയെ ട്രെയിൻ നിർത്താനായതോടെ വലിയ അപകടം ഒഴിഞ്ഞുപോയി. അട്ടിമറി ശ്രമം ലോക്കോപൈലറ്റ് അധികൃതരെ അറിയിച്ചു. ഉടനടി റെയിൽവേ പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്തെത്തി.
കേടായ എല്‍പിജി സിലിണ്ടറിനൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉള്‍പ്പടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സംശയാസ്പദമായ ചില വസ്തുക്കളും ഇവിടെ നിന്ന് അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. യുപിയില്‍ ഈയടുത്തും സമാനമായ സംഭവങ്ങൾ നടന്നതിനാൽ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ജാഗ്രതയിലാണ്. ആസൂത്രിത അട്ടിമറി ശ്രമമാകാനുള്ള സാധ്യതയേറുന്ന സാഹചര്യത്തില്‍ സംഭവങ്ങളുടെ ചുരുളഴിക്കാന്‍ ദില്ലിയില്‍ നിന്ന് എന്‍ഐഎ സംഘവും കാണ്‍പൂരിൽ എത്തും. പൊലീസിനെ അന്വേഷണത്തിൽ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം