തോമസ് മാഷിന്റെ ഹൈ സ്പീഡ് പാളം, അണ്ണാമലൈയുടെ എക്‌സ്പ്രസ്, സച്ചിന്‍ പൈലറ്റിന്റെ വിമാനം!

By Web Team  |  First Published Jul 17, 2023, 1:07 PM IST

ഇസ്തിരിയിട്ട ഖദറിട്ട്, കണ്ടാലൊരു കോണ്‍ഗ്രസുകാരനെ പോലെ നടക്കുന്നുവെങ്കിലും ആ ഹൃദയം മിടിക്കുന്നത് ഇടതുപക്ഷത്തേക്കാണ്. അതു തന്നെയാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിസ്സുകളോടെ കെ റെയില്‍ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ വെപ്പിക്കാന്‍ തോമസ് മാഷ് തന്നെ ഇറങ്ങിയത്. 


രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 


Latest Videos


പൈലറ്റ് VS എയര്‍ ട്രാഫിക് കണ്‍ട്രോള്‍ 

അധികാരക്കസേരയിലേക്കുള്ള അകലം കുറയ്ക്കാന്‍ രണ്ട് നേതാക്കള്‍ നടത്തുന്ന കളികളുടെ ആകത്തുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പിസിസി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. കൊണ്ടുംകൊടുത്തും ഇരു നേതാക്കളും നടത്തുന്ന കളികള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക വിരാമമായെന്നാണ് ദില്ലിയില്‍നിന്നുള്ള തിട്ടൂരങ്ങള്‍. 

കേന്ദ്രനേതൃത്വത്തിന്റെ മുന്‍കൈയില്‍ ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുനേതാക്കളും ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കാനുള്ള ഫോര്‍മുലയാണ് തയ്യാറായത്. വീണ്ടുമൊരു വിജയം, അതാണ് ലക്ഷ്യം. സംഗതി നടന്നാല്‍, പുതിയ സര്‍ക്കാറിനെ പൈലറ്റ് നയിക്കും. ഗെഹ്‌ലോട്ടിന് ദില്ലിയില്‍ മുന്തിയ പദവി നല്‍കും. ഇതാണ് ഫോര്‍മുല. 

എന്നാല്‍, ഇതിലൊന്നും വലിയ കാര്യമില്ല എന്ന മട്ടിലാണ് ഗെഹ്‌ലോട്ടിന്റെ അനുയായികള്‍. ഫോര്‍മുല നടന്നാലും കളി വിചാരിക്കുന്നത്ര എളുപ്പമാവില്ല എന്ന് സച്ചിന്‍ പൈലറ്റിന്റെ അനുയായികളും വിശ്വസിക്കുന്നു. സര്‍ക്കാറിന്റെ പൈലറ്റ് സച്ചിനായാലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഗെഹ്‌ലോട്ടിന്റെ കൈയിലായിരിക്കും എന്നാണ് പക്ഷഭേദമന്യെ കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നത്. 

 


പ്രതിപക്ഷ നേതാവിനെ ആവശ്യമുണ്ട്!

പ്രതിപക്ഷത്തിനെ നയിക്കുന്നതാര്? ചരിത്രത്തിലാദ്യമായി കര്‍ണാടക നിയമസഭയില്‍നിന്നുയരുന്നത് ഇത്തരമൊരു വിചിത്ര ചോദ്യമാണ്. ആ വിധമൊരു ശൂന്യതയുടെ മുനമ്പിലാണ് സംസ്ഥാനത്തെ പ്രതിപക്ഷം ഇപ്പോള്‍. 

ബി.ജെ.പി 66 സീറ്റുകള്‍ നേടിയെങ്കിലും പ്രതിപക്ഷമെന്ന നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് നയിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു സ്വപ്‌നം കണ്ടെങ്കിലും തെരഞ്ഞെടുപ്പ് പൊട്ടിയതോടെ ഇരുപാര്‍ട്ടികളുടെയും പ്രണയത്തില്‍ ഉലച്ചിലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടേണ്ട സമയത്തും ഇരു കക്ഷികളും അസ്വാരസ്യത്തിലാണ് എന്നാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം നല്‍കിയ സൂചന. പ്രതിപക്ഷ പാര്‍ട്ടികള്‍ ജെ ഡി എസിനെ സ്വന്തം ഭാഗമായി കരുതുന്നില്ലെന്നാണ് കുമാര സ്വാമി പറഞ്ഞത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അഴിമതിയാണ് കോണ്‍ഗ്രസിനെതിരെ കുമാരസ്വാമിയുടെ പുതിയ ചാട്ടുളി. ട്രാന്‍സ്ഫര്‍ ആണ് കോണ്‍ഗ്രസുകാരുടെ പ്രധാനവരുമാന മാര്‍ഗമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജി എസ് ടി പോലെ വൈ എസ് ടി (YST) ആണ് നിലവിലുള്ളതെന്നും സ്വാമി ആരോപിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ ദുര്‍ബലമായ ബി.ജ.പി കുമാരസ്വാമിയുടെ ആരോപണം അതേ പടി ആവര്‍ത്തിക്കുന്നു. 

കാര്യങ്ങള്‍ ഈ വഴിക്ക് പോവുന്ന സാഹചര്യത്തില്‍, ജെ ഡി എസ് ധാരണയെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ടതുണ്ട് എന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ ആലോചന. 

 


 രാമേശ്വരം എക്‌സ്പ്രസ്

ചലച്ചിത്രവും രാഷ്ട്രീയവും ഒരമ്മപെറ്റ മക്കളായി നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ സിനിമാ സ്‌റ്റൈലില്‍ ഒരു പദയാത്രയ്ക്ക് ഒരുങ്ങുകയാണ് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. 2024 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന യാത്രയുടെ തുടക്കം രാമേശ്വരത്തുനിന്നാണ്. 

യാത്രയുടെ ഫ്‌ളാഗ് ഓഫിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ക്ഷണിച്ചിട്ടുള്ളത്. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെ സംസ്ഥാനത്തേക്ക് ഇറക്കാനും അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. (രസകരമെന്ന് പറയട്ടെ, കേരള ബി.ജെ.പി ഘടകവും ഇതേ ആഗ്രഹം മുന്നോട്ടുവെക്കുന്നുണ്ട്, നിര്‍മലാ സീതാരാമനെ മുന്നില്‍നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാവുമെന്നാണ് അവരുടെ മനസ്സിലിരിപ്പ്).  

ഇതേ തിരക്കഥയാണ് അണ്ണാമലൈയുടെ ഉള്ളിലുമുള്ളത്. എ ഐ ഡി എം കെ, പാട്ടാളി മക്കള്‍ കക്ഷി (PMK), തമിള്‍ മാനിലാ കക്ഷി (TMK) എന്നിവ ഉള്‍െപ്പടുന്ന മുന്നണിയെ നിര്‍മലാ സീതാരാമന്‍ നയിക്കുക. അതാണ് സ്വപ്‌നം. 

എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എ ഐ ഡി എം കെയ്ക്ക് ഏക സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അഥവാ എ ഐ ഡി എം കെ ഒറ്റയ്ക്ക് മല്‍സരിച്ചാല്‍, പി എം .കെ, ടി എം കെ എന്നിവരുമായി മുന്നണി ഉണ്ടാക്കുക എന്നതാവും ബി.ജെ.പിക്കു മുന്നിലെ വഴി. 

എന്നാല്‍, അണ്ണാമലൈ ശുഭാപ്തി വിശ്വാസിയാണ്. കരുത്തു തെളിയിക്കാനുള്ള മാര്‍ഗമായി പദയാത്ര ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. അതാരംഭിക്കാനുള്ള ഏറ്റവും നല്ല ഇടം രാമേശ്വരം തന്നെയാണ്-എല്ലാ യാത്രകളും ഒടുങ്ങുന്ന ഇടം, പുതിയ യാത്രകള്‍ തുടങ്ങുന്ന ഇടവും!

 


 

കെ (വി) റെയില്‍! 

ഫോര്‍വേഡ് സ്ഥാനത്തുനിന്ന് പിന്‍നിരയിലേക്ക് മാറ്റിയാലും ഗോളടിക്കാന്‍ മുന്‍നിരയില്‍ പാഞ്ഞെത്തുന്ന കളിക്കാരനെ പോലെയാണ് കെ വി തോമസ്. രാഷ്ട്രീയത്തിന്റെ രസതന്ത്രം ഈ കെമിസ്ട്രി അധ്യാപകനെ ആരും പഠിപ്പിക്കേണ്ട. വന്‍പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ഇടതുപക്ഷം കട്ടപ്പുറത്തേക്ക് ഇറക്കിവെച്ച കെ റെയില്‍ സ്വപ്‌നങ്ങളെ വീണ്ടും ട്രാക്കിലാക്കാന്‍, ആരും ചിന്തിക്കാത്ത വഴിക്ക് തോമസ് മാഷ് കളിക്കുന്ന കളി ഈ പറഞ്ഞതിന്റെ കൃത്യമായ സൂചനയാണ്. 

പാര്‍ലമെന്റിലും നിയമസഭയിലും കോണ്‍ഗ്രസിനുവേണ്ടി സകല അടവുകളും പയറ്റിയ തോമസ് മാഷ് ഇപ്പോള്‍ നേരെ എതിര്‍പക്ഷത്താണ്. ഇസ്തിരിയിട്ട ഖദറിട്ട്, കണ്ടാലൊരു കോണ്‍ഗ്രസുകാരനെ പോലെ നടക്കുന്നുവെങ്കിലും ആ ഹൃദയം മിടിക്കുന്നത് ഇടതുപക്ഷത്തേക്കാണ്. അതു തന്നെയാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിസ്സുകളോടെ കെ റെയില്‍ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ വെപ്പിക്കാന്‍ തോമസ് മാഷ് തന്നെ ഇറങ്ങിയത്. 

ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്ന മെട്രോമാന്‍ ഇ ശ്രീധരനാണ് ഈ കളിയില്‍ മാഷിന്റെ തുരുപ്പുശീട്ട്. അസാധ്യമായ ഇടങ്ങളിലൂടെ തീവണ്ടി ഓടിക്കാന്‍ അറിയാവുന്ന ശ്രീധരനെ ഉപയോഗിച്ച് പിന്നീട് അതിവേഗ ട്രാക്കാക്കി മാറ്റാന്‍ കഴിയുന്ന ഒരു സെമി സ്പീഡ് റെയില്‍ ഇടനാഴി പദ്ധതി മുന്നോട്ടുവെക്കുകയാണ് തോമസ് മാഷ്. ബി.ജെ.പിക്ക് സ്വീകാര്യനായ ശ്രീധരനെ ഉപയോഗിച്ച്, കേന്ദ്ര സര്‍ക്കാറിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തിന്റെ സ്വപ്‌നപദ്ധതി നടപ്പാക്കുക. സിപിഎമ്മിന് ഈ നീക്കം പുതിയ ജീവശ്വാസമാണ് പകര്‍ന്നത്. വന്ദേഭാരതിന്റെ തിളക്കം തങ്ങളുടേതാക്കാന്‍ തുനിഞ്ഞിറങ്ങിയ ബി.ജെ.പിയും ഇതിന്റെ ക്രെഡിറ്റ് പകുത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. 

അപ്രതീക്ഷിതമായ ഈ നീക്കം അങ്കലാപ്പിലാക്കിയത് കോണ്‍ഗ്രസിനെയാണ്. 2024 തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ മേല്‍പ്പാലമെന്നാണ് പദ്ധതി നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. 

click me!