'കൊവിഡ് രോ​ഗിയുടെ മൃതദേഹമാണ്, ചുമന്ന് ശ്മശാനത്തിലെത്തിക്കണം'; ലോക്ക് ഡൗൺ ലംഘിച്ച യുവാക്കൾക്ക് പൊലീസിന്റെ ശിക്ഷ

By Web Team  |  First Published May 18, 2020, 1:14 PM IST

എന്നാൽ പൊലീസിന്റെ ശിക്ഷാ നടപടി കുറച്ച് കടന്നുപോയി എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വിമർശനമുന്നയിക്കുന്നുണ്ട്. 


ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് മെയ് 31 വരെയുള്ള നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഇതിനിടയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ മറികടന്ന് നിരത്തിലിറങ്ങുന്നുണ്ട് ചിലർ. അത്തരത്തിൽ ചുറ്റാനിറങ്ങിയ നാല് യുവാക്കൾക്ക് ദില്ലി പൊലീസ് കൊടുത്തത് എട്ടിന്റെ പണിയാണ്. എന്നാൽ പൊലീസിന്റെ ശിക്ഷാ നടപടി കുറച്ച് കടന്നുപോയി എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വിമർശനമുന്നയിക്കുന്നുണ്ട്. 

ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ പിടികൂടിയ നാല് യുവാക്കൾക്ക് പൊലീസ് നൽകിയ ശിക്ഷ കൊവിഡ് രോ​ഗിയുടെ മൃതദേഹം ചുമക്കാനാണ്. പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാളാണ് മൃത​ദേഹമായി അഭിനയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത് കേൾക്കാം, 'ലോക്ക് ഡൗൺ ലംഘിച്ചതിന് നിങ്ങൾക്ക് നൽകുന്ന ശിക്ഷയാണിത്. ഈ മൃതദേഹം ചുമന്ന് ശ്മശാനത്തിൽ എത്തിക്കണം. മരിച്ചയാൾ കൊറോണ വൈറസ് രോ​ഗിയായിരുന്നു.' ഇത് കേട്ടയുടനെ ഇവർ‌ നാലുപേരും ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്.

Latest Videos

പൊലീസുകാരോട് ഇവർ ക്ഷമ പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഒപ്പം പൊലീസുകാർ വ്യാജമൃതദേഹത്തിന് സമീപം യുവാക്കളെ ബലമായി എത്തിക്കുന്നതും കാണാമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. മന്ദാവാലി പ്രദേശത്താണ് ഈ സംഭവം നടന്നിരിക്കുന്നതെന്ന് ഡിസിപി ജസ്മീത് സിം​ഗ് പറയുന്നു. എന്നാൽ ജനങ്ങളെ ഭീഷണിപ്പെടുത്തി സ്ഥിതി​ഗതികൾ കൈകാര്യം ചെയ്യുന്നത് നല്ല സംഭവമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ഡിസിപി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് താക്കീത് നൽകിയതായും പറഞ്ഞു. 

click me!