അനൂപ് കുമാർ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ബെംഗളൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലെ ഒരു വാടക വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയും ഇവരുടെ 5 വയസുള്ള മകനെയും 2 വയസുള്ള മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു അനൂപ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. ദമ്പതികളെയും അവരുടെ മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസംമുട്ടൽ മൂലം അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് റിപ്പോർട്ട്. 18 മാസം പ്രായമുള്ള കുട്ടിയും 3 വയസുള്ള മറ്റൊരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നതായി പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തണുപ്പിനെ അതിജീവിക്കാനായി ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണമാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.