മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് വിവരം.ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
എന്താണ് മൻമോഹൻ സിങിൻ്റെ ആരോഗ്യ പ്രശ്നമെന്നും പുറത്തുവിട്ടിട്ടില്ല. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
undefined
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥിരതയാർന്ന വളർച്ചയ്ക്ക് പ്രേരകമായ നയങ്ങൾ നടപ്പാക്കിയ അദ്ദേഹം 2008 ൽ നേരിട്ട സാമ്പത്തിക മാന്ദ്യത്തിൻ്റെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റിയതിനും പ്രശംസ നേടിയിരുന്നു.