മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

Published : Apr 25, 2025, 01:33 PM ISTUpdated : Apr 25, 2025, 05:40 PM IST
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

Synopsis

ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം.

ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇസ്രോയുടെ മുൻ മേധാവി, മുൻ രാജ്യസഭാ എംപി, വിവിധ സർവകലാശാലകളുടെ വിസി തുടങ്ങി പല പദവികൾ അലങ്കരിച്ചിട്ടുണ്ട്. കേരളത്തിൽ എറണാകുളത്ത് വന്ന് താമസിച്ച തമിഴ്‌കുടുംബത്തിൽ 1940 ലാണ് അദ്ദേഹം ജനിച്ചത്.

ഐഎസ്ആർഒയെ ബഹിരാകാശ ഗവേഷണ രംഗത്തും, വിക്ഷേപണങ്ങളിൽ ഉൾപ്പടെ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്ന മേഖലകളിലേക്കും കൈ പിടിച്ച് നടത്തിയ ക്രാന്തദർശിയായിരുന്നു ഡോ. കൃഷ്‌ണസ്വാമി കസ്‌തൂരിരംഗൻ. ഐആർഎസ്, ഇൻസാറ്റ് ഉപഗ്രഹങ്ങളുടെയും ജിഎസ്എൽവി, പിഎസ്എൽവി ഉൾപ്പടെയുള്ള വിക്ഷേപണ വാഹനങ്ങളുടെയും വികസനത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം 1994 മുതൽ 2003 വരെ നീണ്ട 9 വർഷക്കാലം ഇസ്രോയുടെ മേധാവിയായി. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്‍റെ മുഖ്യ ശിൽപികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പിന്നീട് ആസൂത്രണ കമ്മീഷൻ അംഗവുമായി. 

ജെഎൻയു ഉൾപ്പടെ പല സർവകലാശാലകളുടെയും അമരത്തിരുന്ന അദ്ദേഹം 2018-ൽ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് രേഖയ്ക്കും രൂപം നൽകി. ബഹിരാകാശ ഗവേഷണ, വിദ്യാഭ്യാസ രംഗങ്ങളിൽ മാത്രമല്ല അദ്ദേഹം തന്‍റെ കയ്യൊപ്പ് പതിപ്പിച്ചത്. 1940-ൽ എറണാകുളത്ത് ജനിച്ച അദ്ദേഹം പക്ഷേ മലയാളിക്ക് സുപരിചിതമായ പേരായി മാറിയത് പശ്ചിമ ഘട്ടത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടിന്‍റെ പേരിലാണ്. കർശനമായ പരിസ്ഥിതി സംരക്ഷണ നയങ്ങൾ ശുപാർശ ചെയ്ത മാധവ് ഗാഡ്‍ഗിലിന്‍റെ റിപ്പോർട്ടിനെതിരെ വിമർശന കൊടുങ്കാറ്റ് ഉയർന്നപ്പോൾ 2011-ൽ അന്ന് ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന ഡോ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഒരു സമിതി രൂപീകരിച്ചു. 

മലയോര ജനതയെക്കൂടി മനസ്സിൽ കണ്ട് പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളുടെ പരിധി വെട്ടിക്കുറച്ചെങ്കിലും പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിക്കണമെന്നതിൽ ഗാ‍ഡ്‍ഗിലിന്‍റെ പല ശുപാർശകളും കസ്തൂരിരംഗനും ആവർത്തിച്ചു. അന്ന് റിപ്പോർട്ടിനെതിരെ കേരളത്തിന്‍റെ മലയോര മേഖലയിൽ വൻ പ്രതിഷേധം ആളിക്കത്തി. എന്നാൽ പിന്നീട് കേരളം കണ്ട പല പാരിസ്ഥിതിക ദുരന്തങ്ങളും ഗാഡ്‍ഗിലും കസ്തൂരിരംഗനും ശരിയാണെന്ന് നമ്മളോട് പറഞ്ഞു. ആകാശം മുട്ടെ സ്വപ്നം കാണുമ്പോഴും ചവിട്ടി നിൽക്കുന്ന മണ്ണിനെ സംരക്ഷിക്കണമെന്ന് നമ്മെ ഓർമിപ്പിച്ച ശാസ്ത്രജ്ഞനാണ് ഓർമയാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു