പുതുച്ചേരിയിൽ നിന്ന് വീണ്ടും വിമാനം പറന്നുയർന്നു, എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം; സർവീസ് തുടങ്ങിയത് ഇൻഡിഗോ

By Web Team  |  First Published Dec 23, 2024, 3:40 PM IST

പുതുച്ചേരിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ഏക കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഈ വർഷം മാർച്ചിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.


പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് വീണ്ടും തുടങ്ങിയത്. ഇൻഡിഗോ എയർലൈൻസാണ് പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവ്വീസ് നടത്തുക.

പുതുച്ചേരിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ഏക കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഈ വർഷം മാർച്ചിലാണ് പ്രവർത്തന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പുതുച്ചേരിയിൽ നിന്ന് സർവീസ് പുനരാരംഭിക്കുന്നതിന് ടെറിറ്റീരിയൽ അഡ്മിനിസ്ട്രേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇൻഡിഗോ തയ്യാറായി രംഗത്തുവന്നത്. എടിആർ-72 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്ന് ഇൻഡിഗോ അറിയിക്കുകയായിരുന്നു. 

Latest Videos

undefined

വെള്ളിയാഴ്ച 74 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വിമാനം ഉച്ചയ്ക്ക് 12.15 ഓടെ പുതുച്ചേരി വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്തിന് ലഫ്റ്റനന്‍റ് ഗവർണർ കെ കൈലാസനാഥൻ, മുഖ്യമന്ത്രി എൻ രംഗസാമി, സാമൂഹ്യക്ഷേമ മന്ത്രി സായി ജെ ശരവണൻ കുമാർ, ചീഫ് സെക്രട്ടറി ശരത് ചൗഹാൻ, നിയമസഭാംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ബോർഡിംഗ് പാസ് ലഫ്.ഗവർണർ കൈമാറി.

പ്രതിദിന ഷെഡ്യൂൾ പ്രകാരം 11.10-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വിമാനം 12.15-ന് പുതുച്ചേരിയിലെത്തും.  പുതുച്ചേരിയിൽ നിന്ന് 12.45-ന് വിമാനം പുറപ്പെടും. 2.30 ഓടെ ഹൈദരാബാദിലെത്തും. 3.05ന് ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന് 4.50 ഓടെ പുതുച്ചേരിയിൽ ഇറങ്ങും. 5.10ന് വിമാനം പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട് 6.35 ഓടെ അവിടെ എത്തും.

ഇനി ഒരു ചായയ്ക്ക് 250 രൂപ നൽകേണ്ട, വിമാനത്താവളത്തിൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ കഫെ തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!