സ്വഗ്ഗി ഡെലിവറി ജീവനക്കാരനായ അച്ഛനാണ് കേക്ക് വീട്ടിലേക്ക് കൊണ്ടുവന്നത്. കുട്ടി ഉൾപ്പെടെ മൂന്ന് പേരും വീട്ടിൽ വെച്ച് തന്നെ ഈ കേക്ക് കഴിച്ചു.
ബംഗളുരു: ബംഗളുരുവിൽ കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ചു. മാതാപിതാക്കളെ രണ്ട് പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം. അഞ്ച് വയസുകാരനായ ധീരജാണ് മരിച്ചത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിൽ ഡെലിവറി ജീവനക്കാരനായ അച്ഛൻ ബൽരാജ് കൊണ്ടുവന്ന കേക്കാണ് വീട്ടിൽ എല്ലാവരും കഴിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു ഉപഭോക്താവ് ഓർഡർ ചെയ്ത കേക്ക്, അദ്ദേഹം ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ബൽരാജ് വീട്ടിലേക്ക് കൊണ്ടുവന്നു എന്നാണ് പറഞ്ഞത്. ഈ കേക്ക് കഴിച്ചയുടൻ തന്നെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായി. അധികം വൈകാതെ അഞ്ച് വയസുകാരൻ ധീരജ് മരിച്ചു. ബൽരാജും ഭാര്യ നാഗലക്ഷ്മിയും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
undefined
കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭക്ഷ്യ വിഷബാധയാണ് പ്രധാന സംശയമെങ്കിലും ആത്മഹത്യാ ശ്രമം പോലെയുള്ള മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനാണ് നിലവിൽ പൊലീസ് കാത്തിരിക്കുന്നത്. ഫലം ലഭിക്കുന്നതോടെ ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
സംഭവത്തിൽ സ്വിഗ്ഗിയും പ്രതികരിച്ചിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സ്വിഗ്ഗി അറിയിച്ചു. കമ്പനിയുടെ സംഘം ആശുപത്രിയിൽ എത്തിയിരുന്നു. സാധ്യമാവുന്ന എല്ലാ സഹായവും നൽകുന്നുണ്ട്. അധികൃതർ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഏറ്റവും പ്രധാനമാണ്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസ് ഉള്ള സ്ഥാപനങ്ങളെ മാത്രമാണ് സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുന്നതെന്നും സ്വിഗ്ഗിയുടെ വിശദീകരണത്തിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം