ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3 വയസുമാണ് പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.
ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.
READ MORE: ഇടുക്കിയിൽ അപകടം; കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു