രണ്ടാമത് രോഗം സ്ഥിരീകരിച്ചയാൾക്ക് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്.
ബെംഗളുരു: കർണാടകയിലെ ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്കെന്ന് റിപ്പോർട്ടുകൾ. 46-കാരനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു.
നിലവിൽ ബെംഗളുരുവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്ടുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
undefined
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.
നിലവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരുടെയും യാത്രാപഥവും മറ്റ് വിവരങ്ങളും ഇങ്ങനെയാണ്:
66-കാരൻ
- 66 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്.
- നവംബർ ഇരുപതാം തീയതിയാണ് വിമാനത്താവളത്തിൽ നിന്ന് പരിശോധനയ്ക്കായി സ്രവം സ്വീകരിച്ചത്
- അവിടെ വച്ച് തന്നെ പോസിറ്റീവായി കണ്ടെത്തി
- ദുബായ് വഴി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തുകയായിരുന്നു
- രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചയാളാണ്.
യാത്രാപഥം ഇങ്ങനെ:
1. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായി ദുബായ് വഴി ബെംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി പരിശോധനയ്ക്ക് വിധേയനായി.
2. വന്നതിന് പിന്നാലെ ഒരു ഹോട്ടലിൽ ചെക്കിൻ ചെയ്തു. അന്ന് തന്നെ കൊവിഡ് ടെസ്റ്റ് പോസിറ്റീവെന്ന് കണ്ടെത്തി.
3. പരിശോധിക്കാനെത്തിയ ഡോക്ടർ, രോഗിക്ക് ലക്ഷണങ്ങളൊന്നുമില്ലെന്ന് കണ്ടതിനാൽ ഹോട്ടലിൽ സെൽഫ് ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു.
4. നവംബർ 22-ാം തീയതി സാംപിളുകൾ ശേഖരിച്ച് നഗരപാലികാ അതോറിറ്റി ജിനോമിക് സീക്വൻസിംഗിന് അയച്ചു.
5. 23-ാം തീയതി അദ്ദേഹം സ്വയം ഒരു സ്വകാര്യ ലാബ് വഴി പരിശോധന നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തി.
6. 24 പ്രൈമറി കോണ്ടാക്ടുകളുണ്ടെന്ന് വ്യക്തമായി. എല്ലാവരെയും ടെസ്റ്റ് ചെയ്തു. നെഗറ്റീവാണെന്ന് കണ്ടെത്തി.
7. 22-ാം തീയതിയും 23-ാം തീയതിയും ഇദ്ദേഹത്തിന്‍റെ 240 സെക്കന്‍ററി കോണ്ടാക്ടുകളിൽ നിന്ന് സ്രവം ശേഖരിച്ചു, നെഗറ്റീവെന്ന് കണ്ടെത്തി.
8. 27-ാം തീയതി ഇദ്ദേഹം ഹോട്ടലിൽ നിന്ന് അർദ്ധരാത്രി 12.30-യോടെ ചെക്കൗട്ട് ചെയ്ത് ഒരു ക്യാബ് ബുക്ക് ചെയ്ത് എയർപോർട്ടിലെത്തി. അവിടെ നിന്ന് ദുബായ്ക്ക് പോയി.
46-കാരൻ
- 46 വയസ്സുള്ള പുരുഷനാണ് രോഗം കണ്ടെത്തിയത്.
- നവംബർ 20-ാം തീയതിയാണ് ആശുപത്രിയിൽ നിന്ന് സാംപിൾ സ്വീകരിച്ചത്.
- പോസിറ്റീവാണെന്ന് കണ്ടെത്തി.
യാത്രാപഥം
1. ഇരുപത്തിയൊന്നാം തീയതി പനിയും ശരീരവേദനയും കണ്ടെത്തിയതിനെത്തുടർന്ന് അന്ന് രാവിലെ 10 മണിയോടെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയനായി. വൈകിട്ട് 4 മണിക്ക് പോസിറ്റീവായി കണ്ടെത്തി.
2. സിടി വാല്യൂസിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് സാംപിളുകൾ ജീനോമിക് സീക്വൻസിംഗിന് അയച്ചു
3. 22 മുതൽ 24 വരെ ഹോം ഐസൊലേഷനിൽ കഴിഞ്ഞ ഇദ്ദേഹം 25-ാം തീയതി ആശുപത്രിയിൽ അഡ്മിറ്റായി. മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം 27-ാം തീയതി ഡിസ്ചാർജായി.
4. പ്രൈമറി കോണ്ടാക്ടുകൾ - 13
5. സെക്കന്‍ററി കോണ്ടാക്ടുകൾ - 205
6. മൂന്ന് പ്രൈമറി കോണ്ടാക്ടുകളും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 22-ാം തീയതിയും 25-ാം തീയതിയുമായി പോസിറ്റീവായി കണ്ടെത്തി. എല്ലാവരെയും ഐസൊലേറ്റ് ചെയ്തു.
വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാൽ വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്‍റീനും നിർബന്ധമാക്കിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദില്ലിയിലെത്തി ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.